മന്ത്രിയാകാന്‍ താന്‍ അര്‍ഹന്‍ ; അവകാശ വാദമുന്നയിച്ച് കുട്ടനാട് നിയുക്ത എംഎല്‍എ തോമസ് കെ തോമസ്
എംഎല്‍എയായതോടെ തനിക്ക് മന്ത്രിയാകാനുള്ള യോഗ്യതയായി.തനിക്കും എ കെ ശശീന്ദ്രനും യോഗ്യതയുണ്ട്. ഇതില്‍ ആര് മന്ത്രിയാകണമെന്ന് പാര്‍ടി തിരുമാനിക്കും.മന്ത്രിയാകാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നും അത് തള്ളിക്കളയാന്‍ കഴിയില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു
കൊച്ചി: മന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിച്ച് കുട്ടനാടില്‍ നിന്നും വിജയിച്ച എന്‍സിപി സ്ഥാനാര്‍ഥി തോമസ് കെ തോമസ്.ഇതു സംബന്ധിച്ച ആവശ്യവുമായി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്ററെ അദ്ദേഹം നേരില്‍ കണ്ടു. മുന്‍ മന്ത്രിയും കുട്ടനാട് മുന്‍ എംഎല്‍എയുമായിരുന്ന അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരനുമാണ് തോമസ് കെ തോമസ്.തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് കുട്ടനാട്ടില്‍ ഇത്തവണ തോമസ് കെ തോമസ് എന്‍സിപിക്കു വേണ്ടി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചത്.തനിക്ക് മന്ത്രി സ്ഥാനം വേണമെന്നാണ് അദ്ദേഹം ടി പി പീതാംബരന്‍ മാസ്റ്ററുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം.എലത്തൂര്‍ സീറ്റില്‍ നിന്നു വിജയിച്ച എ കെ ശശീന്ദ്രനാണ് എന്‍സിപിയുടെ മറ്റൊരു എം എല്‍എ.കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരില്‍ എ കെ ശശീന്ദ്രന്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു.ഇക്കുറിയും ശശിന്ദ്രന്‍ എലത്തൂരില്‍ മല്‍സരിച്ച് വിജയിച്ചു.നിലവില്‍ തോമസ് കെ തോമസും എ കെ ശശീന്ദ്രനും മാത്രമാണ് എന്‍സിപിയുടെ എംഎല്‍എമാര്‍.
തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ടി പി പീതാംബരന്‍ മാസ്റ്ററുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം തോമസ് കെ തോമസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.എംഎല്‍എയായതോടെ തനിക്ക് മന്ത്രിയാകാനുള്ള യോഗ്യതയായി.തനിക്കും എ കെ ശശീന്ദ്രനും യോഗ്യതയുണ്ട്. ഇതില്‍ ആര് മന്ത്രിയാകണമെന്ന് പാര്‍ടി തിരുമാനിക്കും.മന്ത്രിയാകാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നും അത് തള്ളിക്കളയാന്‍ കഴിയില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു.എന്നാല്‍ തീരുമാനിക്കേണ്ടത് നേതൃത്വമാണ്.രണ്ട് എംഎല്‍എമാരും പീതാംബരന്‍ മാസ്റ്ററും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് ആ തീരുമാനം പാര്‍ട്ടി ദേശിയ നേതൃത്വത്തെ അറിയിക്കും.ദേശിയ നേതൃത്വം അയക്കുന്ന നിരീക്ഷകന്റെ സാന്നിധ്യത്തില്‍ ആരായിരിക്കണം മന്ത്രിയെന്നകാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊളളുമെന്നും അതാണ് പാര്‍ട്ടിയുടെ കീഴ് വഴക്കമെന്നും തോമസ് കെ തോമസ് പറഞ്ഞു.
അതേ സമയം തോമസ് കെ തോമസും മന്ത്രിസ്ഥാനത്തിന് അവകാശ വാദമുന്നയിച്ചതോടെ എന്‍സിപിയില്‍ ആരു മന്ത്രിയാകണമെന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.എ കെ ശശീന്ദ്രനും മന്ത്രിസ്ഥാനത്തിനു വേണ്ടി അവകാശ വാദമുന്നയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.തോമസ് കെ തോമസും ആവശ്യത്തില്‍ ഉറച്ചു നിന്നാല്‍ തര്‍ക്കം രൂക്ഷമാകും.ആരെ മന്ത്രിയാക്കണമെന്നത് എന്‍സിപിയുടെ ആഭ്യന്തര കാര്യമാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടി തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായിരിക്കും.അദ്ദേഹത്തിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ആരെ മന്ത്രിയാക്കണമെന്ന കാര്യത്തില്‍ ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുക്കുകയുള്ളവെന്നാണ് സൂചന.