ഡല്‍ഹി തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ഥികളില്‍ 39 % ക്രിമിനല്‍ കേസില്‍ പ്രതികള്‍

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യത്തിന്റെ പേരിലാണ് 32 സ്ഥാനാര്‍ഥികളും ക്രിമിനല്‍ കേസില്‍ പ്രതികളായിട്ടുള്ളത്. ഇതില്‍ ഒരു സ്ഥാനാര്‍ഥിക്കെതിരേയുള്ളത് ബലാല്‍സംഗക്കുറ്റമാണ്. കൊലപാതകശ്രമത്തിനാണ് നാല് സ്ഥാനാര്‍ഥികള്‍ പ്രതികളായത്.

Update: 2020-02-05 05:52 GMT

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികളില്‍ 39 ശതമാനം പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് റിപോര്‍ട്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തുവിട്ട റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആകെ മല്‍സരിക്കുന്ന 67 ബിജെപി സ്ഥാനാര്‍ഥികളില്‍ 26 പേരാണ് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 17 പേര്‍ (25 %) ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. മല്‍സരിക്കുന്ന സമയത്ത് നാമനിര്‍ദേശ പത്രികയോടൊപ്പം സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളുള്ളത് ആം ആദ്മി പാര്‍ട്ടി (എഎപി) സ്ഥാനാര്‍ഥികള്‍ക്കെതിരേയാണ്. എഎപിയുടെ 60 ശതമാനം സ്ഥാനാര്‍ഥികളും ക്രിമിനല്‍ കേസില്‍ പ്രതികളാണ്. 70 സ്ഥാനാര്‍ഥികളില്‍ 42 പേര്‍ക്കെതിരേയാണ് ക്രിമിനല്‍ കേസുള്ളത്. 36 (51 %) പേരാണ് ഗുരുതരമായ ക്രിമിനല്‍ കേസില്‍ പ്രതികളായത്. ക്രിമിനല്‍ കേസില്‍ മൂന്നാംസ്ഥാനത്ത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുന്ന 66 പേരില്‍ 18 (27 %) പേര്‍ ക്രിമിനല്‍ കേസില്‍ പ്രതികളായുണ്ട്.


 13 (20 %) പേര്‍ക്കെതിരേയാണ് ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചുമത്തിയിട്ടുള്ളത്. 66 ബിഎസ്പി സ്ഥാനാര്‍ഥികളില്‍ 12 (18 %) പേര്‍ ക്രിമിനല്‍ കേസിലും 10 (15 %) പേര്‍ ഗുരുതരമായ ക്രിമിനല്‍ കേസിലും പ്രതികളാണ്. സ്വതന്ത്രസ്ഥാനാര്‍ഥികളായി മല്‍സരിക്കുന്ന 148 പേരില്‍ 15 (10 %) പേര്‍ ക്രിമിനല്‍ കേസിലും 12 (8 %) പേര്‍ ഗുരുതരമായ ക്രിമിനല്‍ കേസിലും പ്രതികളാണെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു. ആപ്ക് അപ്‌നി പാര്‍ട്ടി (പീപ്പിള്‍സ്), ഭാരതീയ സാമാജിക് ന്യായ് പാര്‍ട്ടി, രാഷ്ട്രീയ രാഷ്ട്രവേദി പാര്‍ട്ടി, നാഷനല്‍ യൂത്ത് പാര്‍ട്ടി എന്നിവര്‍ക്കെതിരേ യഥാക്രമം 15, 12, 11, 7 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ ആകെ മല്‍സരിക്കുന്ന 672 സ്ഥാനാര്‍ഥികളില്‍ 133 (20 %) പേര്‍ക്കെതിരേയാണ് ക്രിമിനല്‍ കേസുള്ളത്. 104 (15 %) സ്ഥാനാര്‍ഥികള്‍ ഗുരുതരമായ ക്രിമിനല്‍ കേസില്‍ പ്രതികളാണ്. 2015 ലെ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച 673 സ്ഥാനാര്‍ഥികളില്‍ 114 (17 %) പേര്‍ക്കെതിരേ ക്രിമിനല്‍ കേസും 74 (11 %) പേര്‍ക്കെതിരേ ഗുരുതരമായ ക്രിമിനല്‍ കേസുമുണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ട്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യത്തിന്റെ പേരിലാണ് 32 സ്ഥാനാര്‍ഥികളും ക്രിമിനല്‍ കേസില്‍ പ്രതികളായിട്ടുള്ളത്. ഇതില്‍ ഒരു സ്ഥാനാര്‍ഥിക്കെതിരേയുള്ളത് ബലാല്‍സംഗക്കുറ്റമാണ്. കൊലപാതകശ്രമത്തിനാണ് നാല് സ്ഥാനാര്‍ഥികള്‍ പ്രതികളായത്.

സ്ഥാനാര്‍ഥികളില്‍ ഏറ്റവും പണക്കാരായ നാലുപേരും എഎപി സ്ഥാനാര്‍ഥികളാണ്. മുണ്ട്കയില്‍നിന്ന് മല്‍സരിക്കുന്ന ധരംപാല്‍ ലക്ര (ആസ്തി 292.11 കോടി), ആര്‍ കെ പുരത്തെ പര്‍മിള ടോക്കസ് (80.88 കോടി), ബദര്‍പൂരിലെ റാം സിങ് നേതാജി (80.05 കോടി), പട്ടേല്‍ നഗറിലെ രാജ്കുമാര്‍ ആനന്ദ് (78.90 കോടി) എന്നിവരാണ് പണക്കാരായ സ്ഥാനാര്‍ഥികള്‍. പണക്കാരില്‍ അഞ്ചാം സ്ഥാനത്തുള്ള ആര്‍ കെ പുരത്തുനിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക സിങ്ങിന്റെ ആസ്തി 70.43 കോടിയാണ്. പണക്കാരില്‍ ആദ്യ പത്തുപേരുടെ പട്ടികയില്‍ മൂന്ന് ബിജെപി സ്ഥാനാര്‍ഥികളും ഇടംപിടിച്ചിട്ടുണ്ട്. 

Tags:    

Similar News