അമിത്ഷായെ പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ആം ആദ്മി പാര്‍ട്ടി
പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അമിത് ഷായെ 48 മണിക്കൂര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിലക്കണമെന്നും ആം ആദ്മി പാര്‍ട്ടി കമ്മീഷനോട് ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ആം ആദ്മി പാര്‍ട്ടി. ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളുകളുടെ അവസ്ഥയെക്കുറിച്ച് വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതിപ്പെട്ടിരിക്കുന്നത്. ട്വിറ്ററില്‍നിന്ന് വീഡിയോ നീക്കണമെന്നും അമിത് ഷാക്കെതിരേ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അമിത് ഷായെ 48 മണിക്കൂര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിലക്കണമെന്നും ആം ആദ്മി പാര്‍ട്ടി കമ്മീഷനോട് ആവശ്യപ്പെട്ടു.
ഡല്‍ഹി സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കിയെന്നായിരുന്നു എഎപിയുടെ പ്രധാന പ്രചാരണായുധം. ഇതിനെ ചോദ്യംചെയ്ത അമിത് ഷായോട് സ്‌കൂളുകള്‍ നേരിട്ട് സന്ദര്‍ശിക്കാനും കെജ്‌രിവാള്‍ വെല്ലുവിളിച്ചു. തുടര്‍ന്ന് സ്‌കൂളുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയ ഷാ സ്‌കൂളുകളുടെ മോശം അവസ്ഥയിലാണെന്ന ആരോപണവുമായി അമിത് ഷാ ട്വിറ്ററിലൂടെ ഒരു വീഡിയോ പുറത്തുവിട്ടു. അതേസമയം പൊളിക്കാന്‍ നിര്‍ത്തിയിരുന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങളുടെ വീഡിയോയാണ് ഷാ പങ്കുവച്ചതെന്നും ആം ആദ്മി ആരോപിച്ചു.
അതിനിടെ, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദപരാമര്‍ശങ്ങള്‍ നടത്തിയ കേന്ദ്രസഹമന്ത്രി അനുരാഗ് താക്കൂറിനും പാര്‍ലമെന്റ് അംഗം പര്‍വേശ് വര്‍മയ്ക്കുമെതിരേ തിരഞ്ഞെടുപ്പു കമ്മീഷന്‍ നടപടിയെടുത്തു. ഇരുവരെയും മുഖ്യപ്രചാരകരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് നിര്‍ദേശം നല്‍കി.