ന്യൂഡല്‍ഹി: സെല്‍ഫിയെടുക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ് ഡല്‍ഹിയില്‍ യുവാവ് മരിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ പുല്‍ പ്രഹ്ലാദ്പൂര്‍ മേഖലയില്‍ കനത്തമഴയെത്തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ട റെയില്‍വേ അടിപ്പാതയ്ക്ക് സമീപമായിരുന്നു അപകടം. ജയ്ത്പൂര്‍ നിവാസിയായ രവി ചൗട്ടാല (27) ആണ് ഇന്ന് മരിച്ചത്. സംഭവമറിഞ്ഞ് അഗ്‌നിശമനസേനയും മുങ്ങല്‍ വിദഗ്ധരും സ്ഥലത്തെത്തിയെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഡല്‍ഹി എയിംസില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് ഡല്‍ഹി പോലിസ് അറിയിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ സെല്‍ഫി എടുക്കുന്നതിനോ വീഡിയോ എടുക്കുന്നതിനോ ശ്രമിക്കുന്നതിനിടെ ആഴത്തിലുള്ള വെള്ളത്തില്‍ വീണതായി വ്യക്തമായി. ഞായറാഴ്ച മുതല്‍ ഡല്‍ഹിയില്‍ കനത്തമഴ തുടരുകയാണ്. തിങ്കളാഴ്ച രാവിലെ നഗരത്തിലുണ്ടായ കനത്ത മഴയില്‍ ഐടിഒ, പുള്‍ പ്രഹ്ലാദ്പൂര്‍ എന്നിവയുള്‍പ്പെടെ നിരവധി റോഡ് പാതകളില്‍ വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമുണ്ടായി. റിങ് റോഡ്, പ്രഗതി മൈതാനം, പാലം, കിരാരി, റോഹ്തക് റോഡ് എന്നിവയാണ് വെള്ളക്കെട്ട് റിപോര്‍ട്ട് ചെയ്യപ്പെട്ട ചില ഭാഗങ്ങള്‍. വെള്ളക്കെട്ട് നിറഞ്ഞ തെരുവുകളും നഗരത്തിലെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്കിന് കാരണമാവുകയും പുള്‍ പ്രഹ്ലാദ്പൂര്‍ അണ്ടര്‍പാസില്‍ ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തു.