തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രാജിവച്ചു
സപ്തംബറില്‍ അശോക് ലവാസ എഡിബി വൈസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കും. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ 2021 ഏപ്രിലില്‍ സ്ഥാനമൊഴിയുമ്പോള്‍ ആ പദവി ഏറ്റെടുക്കേണ്ടയാളായിരുന്നു അശോക് ലവാസ.
ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രാജിവച്ചു. ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ (എഡിബി) വൈസ് പ്രസിഡന്റ് ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് രാജി സമര്‍പ്പിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിനാണ് ലവാസ രാജിക്കത്ത് നല്‍കിയത്. സപ്തംബറില്‍ അശോക് ലവാസ എഡിബി വൈസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കും. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ 2021 ഏപ്രിലില്‍ സ്ഥാനമൊഴിയുമ്പോള്‍ ആ പദവി ഏറ്റെടുക്കേണ്ടയാളായിരുന്നു അശോക് ലവാസ.
സേവന കാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്പ് സ്ഥാനമൊഴിയുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് ലവാസ. രാജിവച്ചില്ലായിരുന്നുവെങ്കില്‍ 2022 ഒക്ടോബറില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായാണ് അദ്ദേഹം വിരമിക്കേണ്ടിയിരുന്നത്. 1980 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അശോക ലവാസ 2018ലാണ് തിരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റത്.
എഡിബി വൈസ് പ്രസിഡന്റായി കഴിഞ്ഞയാഴ്ചയാണ് ലവാസയെ പ്രഖ്യാപിച്ചത്. ഈ മാസം 31ന് കാലാവധി തീരുന്ന ദിവാകര്‍ ഗുപ്തയുടെ പിന്‍ഗാമിയായാണ് നിയമനം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ തുടങ്ങിയവര്‍ നടത്തിയ തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കാത്തത്തില്‍ അശോക് ലവാസ പ്രതിഷേധശബ്ദം ഉയര്‍ത്തിയിരുന്നു. എന്നാല്‍, കമ്മീഷന്‍ മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ചിറ്റ് നല്‍കുകയാണുണ്ടായത്.