ജസ്റ്റിസ് അഖില്‍ ഖുറേഷിയുടെ നിയമനം: സുപ്രിംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രം തള്ളി
ഖുറേഷിയെ മറ്റ് ഹൈക്കോടതികളില്‍ പരിഗണിക്കാമെന്നും ശുപാര്‍ശയില്‍ മാറ്റംവരുത്തണമെന്നും കേന്ദ്ര നിയമമന്ത്രാലയം സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ വ്യക്തമാക്കി. ഇത് മൂന്നാംതവണയാണ് സുപ്രിംകോടതി ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തള്ളുന്നത്.
ന്യൂഡല്‍ഹി: ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് അഖില്‍ ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള സുപ്രിംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കി അയച്ചതായി റിപോര്‍ട്ട്. ശുപാര്‍ശ പുനപ്പരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കൊളീജിയത്തോട് ആവശ്യപ്പെട്ടു. ഖുറേഷിയെ മറ്റ് ഹൈക്കോടതികളില്‍ പരിഗണിക്കാമെന്നും ശുപാര്‍ശയില്‍ മാറ്റംവരുത്തണമെന്നും കേന്ദ്ര നിയമമന്ത്രാലയം സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ വ്യക്തമാക്കി. ഇത് മൂന്നാംതവണയാണ് സുപ്രിംകോടതി ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തള്ളുന്നത്.
നേരത്തെ ജസ്റ്റിസ് കെ എം ജോസഫ്, മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യന്‍ എന്നിവരുടെ നിയമനം സംബന്ധിച്ച കൊളീജിയം ശുപാര്‍ശ കേന്ദ്ര നിയമമന്ത്രാലയം തള്ളിയിരുന്നു. ആഗസ്ത് 14ന് മുമ്പ് ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്നായിരുന്നു മെയ് 10ന് കേന്ദ്രത്തിന് കൊളീജിയം നല്‍കിയ ശുപാര്‍ശ. ഇതിനൊപ്പം തെലങ്കാന, ഹിമാചല്‍പ്രദേശ്, ഡല്‍ഹി എന്നീ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ നിയമിക്കുന്നതിനും ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ഖുറേഷിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാതെ മറ്റ് മൂന്ന് നിയമനങ്ങളും കേന്ദ്രം പരിഗണിച്ചു. ചൊവ്വാഴ്ചയാണ് കൊളീജിയത്തിന്റെ ശുപാര്‍ശ തള്ളിക്കൊണ്ട് കേന്ദ്രത്തിന്റെ മറുപടി ലഭിക്കുന്നത്.
തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രത്തിന്റെ കത്ത് കൊളീജിയത്തിനു മുന്നില്‍ വയ്ക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു. ജസ്റ്റിസ് ഖുറേഷിയുടെ നിയമനം സര്‍ക്കാര്‍ മനപൂര്‍വം വൈകിപ്പിച്ചെന്നാരോപിച്ച് ഗുജറാത്ത് ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ നല്‍കിയ ഹരജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചിരുന്നു. ജസ്റ്റിസ് ഖുറേഷിയെ സര്‍ക്കാര്‍ ഒറ്റപ്പെടുത്തിയെന്നും അദ്ദേഹത്തോടൊപ്പം ശുപാര്‍ശ ചെയ്യപ്പെട്ട മറ്റ് ജഡ്ജിമാരുടെ സ്ഥാനക്കയറ്റത്തില്‍ തീരുമാനമെടുത്തുവെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി. മധ്യപ്രദേശ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രവി ശങ്കര്‍ ഝായെ ജൂണ്‍ 10ന് കേന്ദ്രം നിയമിച്ചിരുന്നു.