അരി മോഷ്ടിച്ചെന്നാരോപിച്ച് ദലിതനായ മധ്യവയസ്‌കനെ തല്ലിക്കൊന്നു; മൂന്ന് പേര്‍ അറസ്റ്റില്‍
റായ്പൂര്‍: അരി മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ദലിതനായ മധ്യവയസ്‌കനെ ആളുകള്‍ തല്ലിക്കൊന്നു. ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിലെ ദുമാര്‍പാലി ഗ്രാമത്തില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ബുട്ടു എന്ന പഞ്ചറാം സാര്‍ത്തിയാണ് ഈ ക്രൂരതയ്ക്ക് ഇരയായത്.
സംഭവവുമായി ബന്ധപ്പെട്ട് വീരേന്ദ്ര സിദാര്‍, അജയ് പ്രധാന്‍, അശോക് പ്രധാന്‍ എന്നീ മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരേ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 103(1) പ്രകാരം കൊലപാതക കുറ്റത്തിന് കേസെടുത്തു. ആള്‍ക്കൂട്ട കൊലപാതകത്തിനുള്ള വകുപ്പ് കൂടി ചുമത്തണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും, ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) പ്രകാരം ഇത് സാധ്യമല്ലെന്ന് പൊലിസ് അറിയിച്ചു. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടക്കുകയാണ്.
ഗ്രാമത്തിലെ തന്റെ വീട്ടില്‍ എന്തോ ബഹളം കേട്ട് ഞെട്ടിയുണര്‍ന്നപ്പോള്‍ അരി മോഷ്ടിക്കാന്‍ ശ്രമിക്കുന്ന സാര്‍ത്തിയെ കണ്ടതായി സിദാര്‍ പോലിസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. തുടര്‍ന്ന് സമീപവാസിയായ അജയ് പ്രധാന്‍, അശോക് പ്രധാന്‍ എന്നിവരെ വിളിച്ച് സാര്‍ത്തിയെ മരത്തില്‍ കെട്ടിയിടുകയായിരുന്നു. ശേഷം ഇവര്‍ സാര്‍ത്തിയെ മര്‍ദ്ദിക്കുകയായിരുന്നു. രാവിലെ 6 മണിയോടെ സ്ഥലത്തെത്തിയപ്പോഴേക്കും ഇയാള്‍ അബോധാവസ്ഥയിലായിരുന്നു.