കര്‍ണാടകയിലെ പടക്കനിര്‍മാണശാലയില്‍ സ്ഫോടനം: രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ചു
ബെംഗളൂരു: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്കടിയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം. രണ്ട് മലയാളികള്‍ അടക്കം മൂന്നുപര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരിലും രണ്ട് മലയാളികളുണ്ട്. മലയാളികളായ സ്വാമി (55), വര്‍ഗീസ് (68) എന്നിവരും ഹസന്‍ സ്വദേശിയായ ചേതന്‍ (25) ആണ് മരിച്ചത്. വേനൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. മലപ്പുറം സ്വദേശി ബഷീറിന്റെ ഫാമിലെ പടക്കനിര്‍മ്മാണ ശാലയിലായിരുന്നു സ്‌ഫോടനം ഉണ്ടായത്. സംഭവ സമയത്ത് ഒമ്പതുപേരായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നത്.
മലയാളികളായ പ്രേം, കേശവ്, ഹസന്‍ സ്വദേശികളായ ദിനേശ്, കിരണ്‍, അരസൈക്കര സ്വദേശി കുമാര്‍, ചിക്കമരഹള്ളി സ്വദേശി കല്ലേശ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാലുകിലോമീറ്ററോളം ദൂരത്തോളം സ്‌ഫോടനത്തിന്റെ ആഘാതം ഉണ്ടായതായി ഗ്രാമവാസികള്‍ പറയുന്നു. ഒരാളുടെ മൃതദേഹം സ്‌ഫോടന സ്ഥലത്തു നിന്ന് തന്നെയാണ് കണ്ടെടുത്തത്. മറ്റു രണ്ടുപേരുടെ മൃതദേഹം നൂറൂമീറ്ററോളം ദൂരത്ത് ചിതറിക്കിടക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബെല്‍ത്തങ്കാടി ഫയര്‍ഫോഴ്‌സ് സംഘം എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. എം.എല്‍.എ ഹാരിസ് പൂഞ്ച, ഡിവൈഎസ്പി വിജയ പ്രസാദ് മറ്റു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.