യുവനേതാക്കളുടെ കൊഴിഞ്ഞുപോക്ക്, പാര്‍ട്ടി കണ്ണടയ്ക്കുന്നു; നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി കപില്‍ സിബല്‍

Update: 2021-08-16 09:09 GMT

ന്യൂഡല്‍ഹി: മുന്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിതാ ദേവ് പാര്‍ട്ടി വിട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ രംഗത്ത്. യുവനേതാക്കള്‍ കൊഴിഞ്ഞുപോവുമ്പോള്‍ പാര്‍ട്ടി നേതൃത്വം കണ്ണടയ്ക്കുകയാണെന്നായിരുന്നു കപില്‍ സിബലിന്റെ വിമര്‍ശനം. സുഷ്മിത ദേവ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും രാജിവച്ചു. തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോവുമെന്ന് അഭ്യൂഹങ്ങളുണ്ട്. യുവനേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ പലപ്പോഴും പഴി കേള്‍ക്കുന്നത് ഞങ്ങള്‍ മുതിര്‍ന്ന നേതാക്കളാണ്. പാര്‍ട്ടി പല കാര്യങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണ്.

കണ്ണടച്ചാണ് പാര്‍ട്ടിയുടെ പോക്ക്- ട്വിറ്ററില്‍ കപില്‍ സിബല്‍ കുറിച്ചു. കോണ്‍ഗ്രസിനുള്ളില്‍ അഴിച്ചുപണി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കപില്‍ സിബല്‍ അടക്കം 23 നേതാക്കള്‍ കഴിഞ്ഞ വര്‍ഷം കത്ത് എഴുതിയിരുന്നു. ഇന്ന് രാവിലെയാണ് സുഷ്മിതാ ദേവ് പാര്‍ട്ടി വിട്ടത്. ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. മമതാ ബാനര്‍ജിയുമായി സുഷ്മിത ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നും റിപോര്‍ട്ടുണ്ട്. 'ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസുമായുള്ള മൂന്ന് പതിറ്റാണ്ട് നീണ്ട ബന്ധത്തെ ഞാന്‍ വിലമതിക്കുന്നു.

എന്റെ അവിസ്മരണീയ യാത്രയില്‍ കൂടെ നിന്ന പാര്‍ട്ടിക്കും അതിന്റെ എല്ലാ നേതാക്കള്‍ക്കും അംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു. മാഡം, നിങ്ങളുടെ മാര്‍ഗനിര്‍ദേശത്തിനും നിങ്ങള്‍ എനിക്ക് നല്‍കിയ അവസരങ്ങള്‍ക്കും ഞാന്‍ വ്യക്തിപരമായി നന്ദി പറയുന്നു. സമ്പന്നമായ അനുഭവത്തെ ഞാന്‍ വിലമതിക്കുന്നു'സോണിയാ ഗാന്ധിക്കെഴുതിയ കത്തില്‍ സുഷ്മിത പറഞ്ഞു. 2019ലെ പൊതുതിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. അതിന് ശേഷം ഒരു മുഴുനീള പ്രസിഡന്റ് പാര്‍ട്ടിക്കുണ്ടായിട്ടില്ല.

സോണിയാ ഗാന്ധി ഇടക്കാല പ്രസിഡന്റായി തുടരുകയാണ്. കോണ്‍ഗ്രസ് നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം കൊഴിഞ്ഞുപോക്കാണ് രണ്ട് വട്ടം ലോക്‌സഭാ എംപിയും മുന്‍കേന്ദ്രമന്ത്രിയുമായ ജിതിന്‍ പ്രസാദാ ബിജെപിയില്‍ ചേക്കേറിയിരുന്നു. പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയും പാര്‍ട്ടി വിട്ടിരുന്നു. കോണ്‍ഗ്രസില്‍ അഴിച്ചുപണി അനിവാര്യമാണെന്നും പാര്‍ട്ടി ഗാന്ധി നേതൃത്വത്തിന്റെ പിടിയില്‍നിന്ന് മോചിതരായാല്‍ മാത്രമേ അത് സംഭവിക്കൂ എന്നും ചില പ്രതിപക്ഷ നേതാക്കള്‍ അഭിപ്രായപ്പെടുന്നു. പല നേതാക്കളും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ വിമര്‍ശനമുയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.

Tags:    

Similar News