കിങ് ഖാനെ കാണാന്‍ മന്നത്തിന് മുന്നില്‍ ആരാധകന് കാത്തുനിന്നത് 95 ദിവസം; ഒടുവില്‍ ആരാധകനെ മാറോട് ചേര്‍ത്ത് ഷാരൂഖ്
മുംബൈ: കഴിഞ്ഞ ദിവസമാണ് ബോളിവുഡ് കിങ് ഖാന് ഷാരൂഖ് ഖാന് തന്റെ 59ാം ജന്മദിനം ആഘോഷിച്ചത്. കുടുംബവുമൊത്തുള്ള ജന്മദിന ആഘോഷത്തിന്റെ വീഡിയോയും വൈറല്‍ ആയിരുന്നു.സുരക്ഷാ കാരണങ്ങളാല്‍ ഇത്തവണ ഷാരൂഖിന്റെ ജന്മദിനത്തില് ആരാധകര്‍ക്ക് മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയായ മന്നത്തിന് പുറത്ത് ഒത്തുകൂടാന്‍ കഴിഞ്ഞിരുന്നില്ല. പതിവ് പോലെ ആരാധകരെ അഭിവാദ്യം ചെയ്യാന്‍ ഷാരൂഖ് മന്നത്തിന്റെ ബാല്‍ക്കണിയില്‍ എത്തിയതുമില്ല.
എന്നാല്‍ ഷാരൂഖ് ഖാനെ കാണാനാകുമെന്ന പ്രതീക്ഷയില്‍ താരത്തിന്റെ വീടിന് പുറത്ത് 95 ദിവസമായി കാത്തിരുന്ന ആരാധകനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. 95ാമത്തെ ദിവസമാണ് ആരാധകന് സ്വപ്ന സാഫല്യം ഉണ്ടായത്. ഒടുവില്‍ ഝാര്‍ഖണ്ഡില്‍ നിന്നുള്ള ആരാധകനെ ചേര്‍ത്ത് നിര്‍ത്തി കിങ് ഖാന്. സ്വന്തം നാട്ടില്‍ കംപ്യൂട്ടര്‍ സെന്റര്‍ നടത്തുന്ന ആരാധകന് ഷോപ്പ് അടച്ചാണ് ഷാരൂഖ് ഖാനെ കാണാന്‍ എത്തിയത്. നീണ്ട 95 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇദ്ദേഹത്തിന് ഷാരൂഖിനെ കാണാനായത്.
ഝാര്‍ഖണ്ഡ് സ്വദേശിയായ അബിര ധര് ആണ് ആരാധന കൊണ്ട് സാക്ഷാല്‍ ഷാരൂഖിനെ പോലും അത്ഭുതപ്പെടുത്തിയത്. മുംബൈയിലെ ഷാരൂഖിന്റെ വസതിയായ മന്നത്തിന് പുറത്തായിരുന്നു ഈ ദിവസങ്ങളില്‍ ഇദ്ദേഹമുണ്ടായിരുന്നത്. കാറിലായിരുന്നു ഉറക്കം. 95 ദിവസമായി മന്നത്തിന് സമീപത്തുള്ള ഈ ആരാധകനെ കുറിച്ച് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത ചെയ്തിരുന്നു. എത്ര ദിവസമെടുത്താലും താരത്തെ കാണാതെ മടങ്ങില്ലെന്നായിരുന്നു ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
ഇത്ര ദിവസം തന്റെ കംപ്യൂട്ടര്‍ സെന്റര്‍ അടച്ചിട്ടതിലൂടെ വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും എന്നാല്‍ അതൊന്നും തന്റെ ആഗ്രഹത്തെ തടയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭാര്യയും മാതാവും തന്റെ ഈ തീരുമാനത്തിന് പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. തിങ്കളാഴ്ചയാണ് അബിര ധറിനെ ഷാരൂഖ് ചേര്‍ത്ത് നിര്‍ത്തുന്ന ഫോട്ടോ ഫാന്‍ പേജുകളില്‍ പ്രത്യക്ഷപ്പെട്ടത്.