സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി; ട്രാക്ടര്‍ റാലി റിപബ്ലിക് ദിന പരേഡിനുശേഷം നടത്താമെന്ന് പോലിസ്

റിപബ്ലിക് ദിന പരേഡിനെ തടസ്സപ്പെടുത്തരുതെന്ന് കര്‍ഷകര്‍ക്ക് പോലിസ് നിര്‍ദേശം നല്‍കി. രണ്ടുവട്ട ചര്‍ച്ചകള്‍ക്കുശേഷമാണ് പ്രതിഷേധക്കാര്‍ക്ക് ഡല്‍ഹിയിലേക്ക് കടക്കാന്‍ പോലിസ് ഉപാധികളോടെ അനുമതി നല്‍കിയത്. സമാധാനപരമായി റാലി നടത്തുമെന്ന കര്‍ഷകസംഘടനകളുടെ ഉറപ്പിന്‍മേലാണിത്.

Update: 2021-01-24 13:53 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ജനുവരി 26ന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ പോലിസ് അനുമതി നല്‍കി. അതേസമയം, റിപബ്ലിക് ദിന പരേഡിനെ തടസ്സപ്പെടുത്തരുതെന്ന് കര്‍ഷകര്‍ക്ക് പോലിസ് നിര്‍ദേശം നല്‍കി. രണ്ടുവട്ട ചര്‍ച്ചകള്‍ക്കുശേഷമാണ് പ്രതിഷേധക്കാര്‍ക്ക് ഡല്‍ഹിയിലേക്ക് കടക്കാന്‍ പോലിസ് ഉപാധികളോടെ അനുമതി നല്‍കിയത്. സമാധാനപരമായി റാലി നടത്തുമെന്ന കര്‍ഷകസംഘടനകളുടെ ഉറപ്പിന്‍മേലാണിത്. രണ്ടുമാസത്തോളമായി ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഉപവഴികളിലൂടെയാണ് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.

രാജ്പഥില്‍ നടക്കുന്ന റിപബ്ലിക് ദിന പരേഡ് അവസാനിച്ചതിനുശേഷം മാത്രമേ ട്രാക്ടര്‍ റാലി നടത്താന്‍ പാടുള്ളൂ എന്നാണ് നിര്‍ദേശം. ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ റാലിയായി ഏതാനും കിലോമീറ്റര്‍ പ്രവേശനം അനുവദിക്കും. അതിനുശേഷം മടങ്ങിപ്പോവണം ഡല്‍ഹി പോലിസ് അറിയിച്ചു. ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പ് സമരക്കാര്‍ ഡല്‍ഹി പോലിസിന് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പോലിസും സമരക്കാരുടെ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തിയാണ് ധാരണയിലെത്തിയത്. അതേസമയം, ട്രാക്ടറുകളുടെ എണ്ണം ഇതുവരെ തീരുമാനിച്ചിട്ടില്ല.

റിപബ്ലിക് ദിന പരിപാടി അവസാനിച്ച ശേഷം രാവിലെ 11.30 ഓടെ ട്രാക്ടര്‍ റാലി ആരംഭിക്കും. ട്രാക്ടര്‍ റാലിയോടനുബന്ധിച്ച് ശക്തമായ പോലിസ് സന്നാഹമാണ് ഒരുക്കുന്നത്. റിപബ്ലിക് ദിനാഘോഷത്തിന് സുരക്ഷയൊരുക്കുന്ന പോലിസുകാര്‍തന്നെ ട്രാക്ടര്‍ റാലിക്കും സുരക്ഷ ഒരുക്കേണ്ടതുണ്ട്. അതുകൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ രണ്ടുപരിപാടികള്‍ക്കും തയ്യാറാകണമെന്ന് പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരേഡിനുശേഷം പോലിസുകാര്‍ക്ക് റാലിക്ക് സുരക്ഷയൊരുക്കാനായി വിവിധ സ്ഥലങ്ങളിലേയ്ക്ക് പോവേണ്ടിവരുമെന്നും പോലിസ് വ്യക്തമാക്കുന്നു.

Tags:    

Similar News