സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
വിവരങ്ങള്‍ നല്‍കിയാല്‍ സ്വിറ്റ്‌സര്‍ലന്‍ഡുമായുള്ള കരാറിന്റെ ലംഘനമാവുമെന്നും നികുതി സംബന്ധമായ വിവരങ്ങള്‍ വിദേശ രാജ്യത്തില്‍നിന്ന് ലഭിക്കുന്നത് വിവരാവകാശ നിയമത്തിന്റെ പരിധിക്ക് പുറത്താണെന്നും മന്ത്രാലയം അറിയിച്ചു. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് ധനമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
ന്യൂഡല്‍ഹി: സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. ഇന്ത്യയും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മില്‍ ഒപ്പുവച്ച നികുതി കരാര്‍പ്രകാരം വിവരങ്ങള്‍ അതീവരഹസ്യമാണെന്നും പുറത്തുവിടാനാവില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി. മറ്റ് രാജ്യങ്ങളില്‍നിന്ന് ലഭിച്ച കള്ളപ്പണത്തിന്റെ കണക്കും പുറത്തുവിടാന്‍ ധനമന്ത്രാലയം വിസമ്മതിച്ചു. വിവരങ്ങള്‍ നല്‍കിയാല്‍ സ്വിറ്റ്‌സര്‍ലന്‍ഡുമായുള്ള കരാറിന്റെ ലംഘനമാവുമെന്നും നികുതി സംബന്ധമായ വിവരങ്ങള്‍ വിദേശ രാജ്യത്തില്‍നിന്ന് ലഭിക്കുന്നത് വിവരാവകാശ നിയമത്തിന്റെ പരിധിക്ക് പുറത്താണെന്നും മന്ത്രാലയം അറിയിച്ചു. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് ധനമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
വിദേശരാജ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുന്നത് രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും സാമ്പത്തിക താല്‍പര്യത്തിനുമെതിരാണ്. നികുതി കരാറുകള്‍ക്ക് കീഴില്‍ കൈമാറ്റംചെയ്യുന്ന വിവരങ്ങള്‍ അതത് കരാറുകളുടെ രഹസ്യാത്മകവ്യവസ്ഥകള്‍ക്ക് കീഴിലാണ്. അതിനാല്‍, നികുതി സംബന്ധമായ വിവരങ്ങളും വിദേശസര്‍ക്കാരുകളില്‍നിന്ന് തേടുന്നതും നേടിയതുമായ വിവരങ്ങളും വെളിപ്പെടുത്തുന്നതും വിവരാവകാശ നിയമത്തിനു പുറത്താണെന്നും പിടിഐ ജേര്‍ണലിസ്റ്റ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയില്‍ കേന്ദ്ര ധനമന്ത്രാലയം ചൂണ്ടിക്കാട്ടി. കള്ളപ്പണം കണ്ടെത്തുകയെന്ന ലക്ഷ്യവുമായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ടുനിരോധനത്തിനുശേഷം സ്വിസ് ബാങ്കുകളിലെ നിക്ഷേപം വര്‍ധിച്ചുവെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം സംബന്ധിച്ച വിവരങ്ങളും സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള വിദേശത്ത് സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരുടെ വിവരങ്ങളും കൈമാറണമെന്ന് ധനമന്ത്രാലയം സ്വിറ്റ്‌സര്‍ലന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ആദ്യഘട്ട വിവരങ്ങള്‍ ഇക്കഴിഞ്ഞ സപ്തംബറില്‍ സ്വിറ്റ്‌സര്‍ലാന്റ് ഇന്ത്യയ്ക്ക് കൈമാറി. നിക്ഷേപകരുടെ പേര് വിവരം, മേല്‍വിലാസം, നിക്ഷേപക തുക, വരുമാനം എന്നിവയാണ് കൈമാറിയ വിവരത്തിലുണ്ടായിരുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡ് ഫെഡറല്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷനുമായി സാമ്പത്തികവിവരങ്ങള്‍ കൈമാറുന്ന 75 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. വിവരങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കാമെന്ന കരാറിന്‍മേലാണ് വിവരങ്ങള്‍ നല്‍കിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. 2011ലെ യുപിഎ സര്‍ക്കാര്‍ നടത്തിയ പഠന പ്രകാരം 1980-2010 കാലയളവില്‍ 384-490 ബില്യന്‍ ഡോളര്‍ ഇന്ത്യക്കാരുടെ അനധികൃത നിക്ഷേപം സ്വിസ് ബാങ്കിലുണ്ടാവുമെന്ന് കണ്ടെത്തിയിരുന്നു.