ധനകാര്യം സിദ്ധരാമയ്യക്ക് ; ശിവകുമാറിന് നഗരവികസനം; സമീര്‍ അഹമ്മദ് ഖാന് ന്യൂനപക്ഷ ക്ഷേമം; കര്‍ണാടകയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ

നഗരത്തില്‍ നിന്നുള്ള 5 എംഎല്‍എമാര്‍ മന്ത്രിസഭയിലെത്തിയിട്ടും ശിവകുമാറിന് ബെംഗളൂരു നഗര വികസന വകുപ്പ് അനുവദിച്ചതാണ് ശ്രദ്ധേയം.

Update: 2023-05-29 06:39 GMT

ബെംഗളൂരു: മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി 24 മന്ത്രിമാരെ ഉള്‍പ്പെടുത്തിയതിന് പിന്നാലെ വകുപ്പുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ധനവകുപ്പ് കൈവശം വെച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ, ജലസേചന വകുപ്പും ബെംഗളൂരു നഗരവികസന വകുപ്പും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് അനുവദിച്ചു. ധനകാര്യ വകുപ്പിനൊപ്പം, കാബിനറ്റ് കാര്യം, പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ്, ഇന്റലിജന്‍സ്, ഇന്‍ഫര്‍മേഷന്‍, ഐടി, ബിടി, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ്, മറ്റ് മന്ത്രിമാര്‍ക്ക് അനുവദിക്കാത്ത എല്ലാ വകുപ്പുകളും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കയ്യിലാണ്.

അതേസമയം ജലസേചന വകുപ്പും ബെംഗളൂരു നഗര വികസന വകുപ്പും ലഭിച്ച ഡി കെ ശിവകുമാറിന് ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി), ബാംഗ്ലൂര്‍ വികസന അതോറിറ്റി, ബാംഗ്ലൂര്‍ കുടിവെള്ള വിതരണ ബോര്‍ഡ്, ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്‌മെന്റ് അതോറിറ്റി, ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ എന്നിവയുള്‍പ്പെടെ കൈകാര്യം ചെയ്യണം. നഗരത്തില്‍ നിന്നുള്ള 5 എംഎല്‍എമാര്‍ മന്ത്രിസഭയിലെത്തിയിട്ടും ശിവകുമാറിന് ബെംഗളൂരു നഗര വികസന വകുപ്പ് അനുവദിച്ചതാണ് ശ്രദ്ധേയം. വരാനിരിക്കുന്ന ബിബിഎംപി തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടിയെന്നാണ് വിവരം.

ജി പരമേശ്വര ആഭ്യന്തര മന്ത്രാലയം നിലനിര്‍ത്തിയപ്പോള്‍ എം ബി പാട്ടീലിന് പുതിയ വന്‍കിട ഇടത്തരം വ്യവസായ വകുപ്പ് നല്‍കി. കെ ജെ ജോര്‍ജ് പുതിയ ഊര്‍ജ വകുപ്പ് മന്ത്രിയാകും. എച്ച്‌കെ പാട്ടീലാണ് പുതിയ നിയമ-പാര്‍ലമെന്ററികാര്യം, നിയമനിര്‍മ്മാണം, ടൂറിസം വകുപ്പ് മന്ത്രി. കെഎച്ച് മുനിയപ്പ പുതിയ ഭക്ഷ്യ-സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യ മന്ത്രിയായി. മുന്‍ കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള മുനിയപ്പ ഇതാദ്യമായാണ് സംസ്ഥാന മന്ത്രിസഭയിലെത്തുന്നത്. ഗതാഗത-മുസ്റായ് വകുപ്പുകള്‍ രാമലിംഗ റെഡ്ഡിക്ക് നല്‍കിയിട്ടുണ്ട്. റെഡ്ഡിക്ക് ഗതാഗത വകുപ്പ് വേണ്ടെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് ഈ വകുപ്പ് തന്നെ നല്‍കിയത്.



ദിനേശ് ഗുണ്ടു റാവുവിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പും എച്ച്.സി മഹാദേവപ്പയ്ക്ക് സാമൂഹ്യക്ഷേമ വകുപ്പുമാണ് നല്‍കിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് സതീഷ് ജാര്‍ക്കിഹോളിയും റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡയും നയിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയാണ് പുതിയ ഗ്രാമവികസന, പഞ്ചായത്തിരാജ് മന്ത്രി. ശിവാനന്ദ് പാട്ടീലിന് ടെക്സ്റ്റൈല്‍സ്, കരിമ്പ് വികസനം, സഹകരണ വകുപ്പില്‍ നിന്ന് പഞ്ചസാര, അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് ഡയറക്ടറേറ്റ് എന്നിവ നല്‍കിയിട്ടുണ്ട്. ബി ഇസഡ് സമീര്‍ അഹമ്മദ് ഖാന്‍ ഭവന, വഖഫ്, ന്യൂനപക്ഷ ക്ഷേമം എന്നിവയുടെ ചുമതല വഹിക്കും.



ശരണബാസപ്പ ദര്‍ശനപുരിന് ചെറുകിട വ്യവസായങ്ങളും പൊതു സംരംഭങ്ങളും അനുവദിച്ചു. വനം, പരിസ്ഥിതി, പരിസ്ഥിതി വകുപ്പ് ഈശ്വര്‍ ഖണ്ഡ്രെ ഏറ്റെടുക്കും. കൃഷി വകുപ്പ് എന്‍ ചെലുവരയസ്വാമിക്ക് അനുവദിച്ചു. മൈന്‍സ് ആന്‍ഡ് ജിയോളജി, ഹോര്‍ട്ടികള്‍ച്ചര്‍ എസ്എസ് മല്ലികാര്‍ജുന്‍ നയിക്കും. മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍, ഹജ് എന്നിവയുടെ ചുമതല റഹീം ഖാനാണ്. തൊഴില്‍ വകുപ്പ് സന്തോഷ് എസ് ലാഡ് കൈകാര്യം ചെയ്യും. കാബിനറ്റിലെ ഏക വനിതാ മന്ത്രി ലക്ഷ്മി ആര്‍ ഹെബ്ബാള്‍ക്കറാണ്. വനിതാ ശിശു വികസനം, വികലാംഗ, മുതിര്‍ന്ന പൗരന്‍മാരുടെ ശാക്തീകരണ വകുപ്പുകളുടെ ചുമതല ലക്ഷ്മി വഹിക്കും. ശരണപ്രകാശ് രുദ്രപ്പ പാട്ടീല്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌കില്‍ ഡെവലപ്‌മെന്റ് വകുപ്പിന്റെ ചുമതല വഹിക്കും.






Tags:    

Similar News