സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാവും; ഡികെ ശിവകുമാള്‍ ഉള്‍പ്പെടെ മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ക്ക് സാധ്യത

Update: 2023-05-13 10:53 GMT

ബെംഗളൂരു: കോണ്‍ഗ്രസ് തകര്‍പ്പന്‍ ജയം നേടിയ കര്‍ണാടകത്തില്‍ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാവാന്‍ സാധ്യത. പിസിസി പ്രസിഡന്റ് ഡികെ ശിവകുമാര്‍ ഉള്‍പ്പെടെ മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ബിജെപി സര്‍ക്കാരിനെ നിലംപരിശാക്കി കോണ്‍ഗ്രസ് ജയിച്ചുകയറിയപ്പോള്‍, മുഖ്യമന്ത്രി പദവിയിലേക്ക് തര്‍ക്കമുണ്ടായേക്കുമെന്ന് അഭ്യൂഹം ഉയര്‍ന്നിരുന്നെങ്കിലും അതിനൊന്നും സാധ്യതയില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. നേതാക്കള്‍ തമ്മില്‍ തര്‍ക്കങ്ങളില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കുക എന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. മാത്രമല്ല, അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡി കെ ശിവകുമാറിനെ ദേശീയതലത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം ഏല്‍പ്പിക്കാനാണ് സാധ്യതയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കോണ്‍ഗ്രസില്‍ നിന്ന് ജയിച്ചുവന്ന എംഎല്‍എമാരില്‍ കൂടുതലും സിദ്ധരാമയ്യയെ പിന്തുണക്കുന്നവരാണ്. അതേസമയം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച വൊക്കലിംഗ സമുദായത്തെയും കോണ്‍ഗ്രസ് പരിഗണിച്ചേക്കും. ഈ സമുദായത്തില്‍ നിന്നുള്ള ഒരാളെയും ഉപമുഖ്യമന്ത്രിയാക്കും. ഡികെ ശിവകുമാറിന് പ്രധാനപ്പെട്ട വകുപ്പുകള്‍ നല്‍കുമെന്നുമാണ് റിപോര്‍ട്ട്. വിജയിച്ച മുഴുവന്‍ സ്ഥാനാര്‍ത്ഥികളോടും ഉടന്‍ ബെംഗളൂരുവില്‍ എത്താന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റില്‍ 137 സീറ്റിലാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. ബിജെപി 63 സീറ്റിലേക്ക് ഒതുങ്ങി. തൂക്കുസഭ പ്രവചിച്ചപ്പോള്‍ കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസ്‌വെറും 20 സീറ്റിലാണ് മുന്നിലുള്ളത്.

Tags:    

Similar News