യുക്രെയ്‌നില്‍നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം ഇന്ന് ഉച്ചയോടെ എത്തും

Update: 2022-02-26 03:14 GMT

ന്യൂഡല്‍ഹി: റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് യുദ്ധക്കളമായി മാറിയ യുക്രെയ്‌നില്‍ ഇന്ത്യ നടത്തുന്ന രക്ഷാദൗത്യത്തില്‍ ആദ്യസംഘം ഇന്ന് ഉച്ചയോടെ രാജ്യത്ത് മടങ്ങിയെത്തും. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ സംഘത്തെ സ്വീകരിക്കും. സംഘത്തില്‍ 17 മലയാളികള്‍ ഉള്‍പ്പെടെ 427 ഇന്ത്യക്കാരാണുള്ളത്. റൊമേനിയ വഴി രണ്ട് വിമാനത്തിലായിട്ടാണ് ഇവര്‍ ഇന്ത്യയിലേക്കു തിരിച്ചിട്ടുള്ളത്. ഇന്നലെ രാത്രിയോടെയാണ് ഡല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നും തിരിച്ച വിമാനങ്ങള്‍ റൊമേനിയയിലെത്തിയത്. രക്ഷാദൗത്യം വിലയിരുത്താന്‍ കേന്ദ്രമന്ത്രിസഭയുടെ രക്ഷാസമിതി ഇന്ന് യോഗം ചേരും.

പടിഞ്ഞാറന്‍ യുക്രെയ്‌ന്റെ അതിര്‍ത്തി രാജ്യങ്ങളിലേക്കാണ് ഇന്ത്യക്കാരെ സുരക്ഷിതമായി മാറ്റുന്നത്. അവിടെനിന്ന് വ്യോമമാര്‍ഗം നാട്ടിലേക്കെത്തിക്കുകയാണ് ചെയ്യുന്നത്. ഹംഗറി വഴിയുള്ള രക്ഷാപ്രവര്‍ത്തനവും ഇന്ന് തുടങ്ങും. അതേസമയം, യുദ്ധം കടുത്തതോടെ ഇതുവരെ യുക്രെയ്‌നില്‍നിന്ന് പോരാന്‍ കഴിയാത്തവര്‍ കടുത്ത ആശങ്കയിലാണ്. ആദ്യമൊക്കെ അധികൃതരുമായി സമ്പര്‍ക്കവും ആശയവിനിമയവും ഉണ്ടായിരുന്ന പലര്‍ക്കും ഇപ്പോള്‍ അത് സാധിക്കുന്നില്ല എന്നത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

കുറെയേറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്ന അതിര്‍ത്തി പ്രദേശങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ട്. അതേസമയം, കടുത്ത തണുപ്പും മറ്റും വിദ്യാര്‍ഥികള്‍ക്കു കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. യുദ്ധഭൂമിയില്‍നിന്ന് എങ്ങനെയും രക്ഷപ്പെടുക എന്ന ലക്ഷ്യത്തോടെ എന്ത് ത്യാഗം സഹിക്കാനും തയ്യാറായിട്ടാണ് വിദ്യാര്‍ഥികള്‍ നില്‍ക്കുന്നത്. പലരും സാധനങ്ങളൊക്കെ തയ്യാറാക്കി ഏതുനിമിഷവും യാത്രയ്ക്കു പുറപ്പെടാനായി ഒരുങ്ങിയിരിക്കുകയാണ്.

അധികൃതരുടെ വിളി ഉടനെത്തുമെന്ന പ്രതീക്ഷയിലാണ് കാത്തിരിപ്പ്. പലരും ശേഖരിച്ചുവച്ചിരുന്ന ഭക്ഷണസാധനങ്ങളൊക്കെ തീരാറായതാണ് ഇവരെ അലട്ടുന്ന മറ്റൊരു പ്രശ്‌നം. കീവില്‍ തുടരുന്ന വിദ്യാര്‍ഥികളോട് എംബസി നിര്‍ദേശമനുസരിച്ച് അതിര്‍ത്തിയിലേക്ക് നീങ്ങാനാണ് നിര്‍ദേശം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള നടപടികളും സ്വീകരിക്കും. ഇന്ത്യ രക്ഷാദൗത്യത്തിനയക്കുന്ന വിമാനങ്ങള്‍ക്ക് പുറമെ എയര്‍ ഇന്ത്യയും പ്രത്യേകം സര്‍വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Tags:    

Similar News