ആരാവും പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍? നാളെ ഉച്ചയോടെ അറിയാം
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ശശി തരൂര്‍ എംപിയുമായിരുന്നു നേരിട്ട് ഏറ്റുമുട്ടിയത്.
ന്യൂഡല്‍ഹി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനാരെന്ന് നാളെ ഉച്ചയോടെ അറിയാം. എഐസിസി ആസ്ഥാനത്ത് നാളെ രാവിലെ പത്തിന് ബാലറ്റ് പെട്ടികള്‍ തുറന്നുള്ള വോട്ടെണ്ണല്‍ ആരംഭിക്കും.മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ശശി തരൂര്‍ എംപിയുമായിരുന്നു നേരിട്ട് ഏറ്റുമുട്ടിയത്.
അധ്യക്ഷനാരായാലും പാര്‍ട്ടി നിയന്ത്രണം ഗാന്ധി കുടംബത്തിന്റെ കൈയിലായിരിക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ ഇന്ന് സൂചന നല്കി. വിവിധ പിസിസികളിലും ഭാരത് ജോഡോ യാത്രാ വേദിയിലുമായി സജ്ജീകരിച്ച പോളിംഗ് ബൂത്തുകളില്‍ നിന്നും ഇന്നലെയോടെ 68 ബാലറ്റ് പെട്ടികള്‍ സ്ട്രോംഗ് റൂമിലേക്ക് എത്തിച്ചിരുന്നു.
നാളെ രാവിലെ പത്തിന് സ്ട്രോംഗ് റൂം തുറന്ന് ഈ ബാലറ്റ് പെട്ടികള്‍ പുറത്തെടുക്കുകയും അതിനകത്ത് നിന്നും ബാലറ്റ് പേപ്പറുകള്‍ കൂട്ടികലര്‍ത്തുകയും ചെയ്യും. ഇതിനു ശേഷം നൂറ് ബാലറ്റ് പേപ്പറുകള്‍ വീതം ഒരോ കെട്ടാക്കി മാറ്റും. ഇതിനു ശേഷമാണ് നാല് മുതല്‍ ആറു വരെ ടേബിളുകളിലായി വോട്ടെണ്ണല്‍ ആരംഭിക്കുക. ഉച്ചയ്ക്ക് മുന്‍പേ ഫലമറിയാനും ഉച്ചയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനും സാധിക്കും. ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്.
നെഹ്റു കുടുംബത്തിന്റെ ആശീര്‍വാദത്തോടെ മത്സരിച്ച മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അനായാസ ജയം നേടും എന്നാണ് പൊതുവിലയിരുത്തല്‍. ഖാര്‍ഗെയുടെ വിജയം നേതൃത്വം ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ വലിയ അട്ടിമറികളൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.