ഫലം വരുന്നതിനുമുമ്പ് രാഹുല്‍ ഗാന്ധി പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ പ്രഖ്യാപിച്ചെന്ന് ആരോപണം
കുര്‍നൂല്‍: പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിനും ഏകദേശം അര മണിക്കൂര്‍ മുമ്പ് രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെന്ന മട്ടില്‍ പരാമര്‍ശിച്ചത് വിവാദമായി.
'എന്റെ റോള്‍ എന്തായിരിക്കുമെന്ന് പുതിയ പ്രസിഡന്റ് തീരുമാനിക്കും,' ആന്ധ്രാപ്രദേശിലെ കുല്‍നൂരില്‍ ഒരു ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'ഖാര്‍ഗെ ജിയോടും സോണിയ ജിയോടും ചോദിക്കൂ,' മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെയും പരാമര്‍ശിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് ആന്ധ്രാപ്രദേശിലേക്ക് പാര്‍ട്ടിയുടെ 'ഭാരത് ജോഡോ യാത്ര' നയിച്ച രാഹുല്‍ ഗാന്ധി, വോട്ടെണ്ണല്‍ പുരോഗമിക്കുന്ന സമയത്ത് ഉച്ചയ്ക്ക് 1.30 ന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഈ സമയത്താണ് ഖാര്‍ഗെയെക്കുറിച്ച് അധ്യക്ഷനെന്ന് അദ്ദേഹം പരാമര്‍ശിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയായിട്ടും ഔദ്യോഗികമായി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിരുന്നില്ല.
യുപിയില്‍ തിരഞ്ഞെടുപ്പ് ക്രമക്കേട് നടന്നെന്ന് തരൂര്‍ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് രാഹുലിന് അബദ്ധം പിണഞ്ഞത്.