കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചത് ആന്റിജന്‍ പരിശോധനയില്‍

താനുമായി സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും രോഗലക്ഷണമുണ്ടെങ്കില്‍ ആശുപത്രിയില്‍ പരിശോധനകള്‍ക്ക് വിധേയമാവണമെന്നും സിദ്ധരാമയ്യ അഭ്യര്‍ഥിച്ചു.

Update: 2020-08-04 04:04 GMT

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സിദ്ധരാമയ്യയ്ക്ക് ആന്റിജന്‍ പരിശോധനയിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സിദ്ധരാമയ്യ തന്നെയാണ് ചൊവ്വാഴ്ച രാവിലെ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു.

താനുമായി സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും രോഗലക്ഷണമുണ്ടെങ്കില്‍ ആശുപത്രിയില്‍ പരിശോധനകള്‍ക്ക് വിധേയമാവണമെന്നും സിദ്ധരാമയ്യ അഭ്യര്‍ഥിച്ചു. രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര പറഞ്ഞു. പിതാവിന് ഇന്നലെ മുതല്‍ പനിയുണ്ടായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹത്തെ ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റിയതെന്നും മകന്‍ കൂട്ടിച്ചേര്‍ത്തു.

ആശുപത്രി അധികൃതരുടെ കൊവിഡ് സ്ഥിരീകരിച്ചതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്കും മകള്‍ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ആറുജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ഗണ്‍മാന്‍, ഒരു ഡ്രൈവര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണു രോഗം ബാധിച്ചത്. ഇളയമകന്‍ ബി വി വിജയേന്ദ്ര ക്വാറന്റൈനിലാണ്.  

Tags:    

Similar News