എ.ഐ വിദ്യയിലൂടെ വ്യാജ വീഡിയോ കോള്‍ നടത്തി തട്ടിപ്പ്; ഡല്‍ഹി സ്വദേശിക്ക് നഷ്ടമായത് 45,000 രൂപ

ഒരാളുടെ ചിത്രം ഉപയോഗിച്ച് ചുണ്ടും കണ്ണുകളും അനക്കി സംസാരിക്കുന്ന രീതിയിലാക്കുന്നതാണ് ഡീപ് ഫേക്ക് സാങ്കേതിക വിദ്യ.

Update: 2023-07-15 17:55 GMT

തിരുവനന്തപുരം: നിര്‍മ്മിതബുദ്ധി (എ.ഐ) സാദ്ധ്യത ഉപയോഗിച്ച് വ്യാജ വീഡിയോ കാളിലൂടെ നടത്തിയ തട്ടിപ്പിലൂടെ ഡല്‍ഹി സ്വദേശിക്ക് നഷ്ടമായത് 45,000 രൂപ. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമായിരിക്കെയാണ് അതിനെ കടത്തിവെട്ടുംവിധം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹി സ്വദേശിയുടെ സുഹൃത്തിന്റെ ചിത്രം ഉപയോഗിച്ച് നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യയിലൂടെ കണ്ണും ചുണ്ടുമനക്കി വ്യാജ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പണം തട്ടിയത്. വ്യക്തികളുടെ രൂപം മാറ്റിമറിക്കുന്ന 'ഡീപ് ഫേക്ക്' എന്ന സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചതെന്നാണ് സൈബര്‍ പൊലീസ് കണ്ടെത്തല്‍.

കേന്ദ്ര സര്‍വീസില്‍ സീനിയര്‍ പോസ്റ്റില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് തട്ടിപ്പിന് ഇരയായത്. ഇയാളുടെ ഒരു സുഹൃത്തിന്റെ ചിത്രം ഉപയോഗിച്ച് വീഡിയോ കാള്‍ നടത്തിയായിരുന്നു തട്ടിപ്പ്. പുലര്‍ച്ചെ മൈബൈലിലേക്ക് തുടര്‍ച്ചയായി കാള്‍ വന്നെങ്കിലും പരിചയമില്ലാത്ത നമ്പര്‍ ആയതിനാല്‍ എടുത്തില്ല. അല്പസമയത്തിനകം വാട്‌സാപ്പില്‍ മെസേജ് വന്നു. പ്രൊഫൈല്‍ ഫോട്ടോയിലൂടെ തന്റെ അടുത്ത സുഹൃത്താണെന്ന് തിരിച്ചറിഞ്ഞു.

മക്കളുടെ കാര്യവും ആരോഗ്യത്തെക്കുറിച്ചുമൊക്കെ ആരായുന്നതായിരുന്നു സന്ദേശം. ഇത് പുതിയ സിം ആണെന്നും വ്യക്തമാക്കി. തുടര്‍ന്ന് ഇതേ നമ്പറില്‍ നിന്ന് വീഡിയോ കാള്‍ വന്നു. താന്‍ ദുബായ് എയര്‍പോര്‍ട്ടിലാണെന്നും മുംബയില്‍ സഹോദരന്റെ ഭാര്യയ്ക്ക് ശസ്ത്രക്രിയയ്ക്കായി 45,000 രൂപ വേണമെന്നും ആവശ്യപ്പെട്ടു. സംശയം തോന്നാത്തതിനാല്‍ ഓണ്‍ലൈനിലൂടെ പണം നല്‍കി. വീണ്ടും വിളിച്ച് 30,000 രൂപ കൂടി ആവശ്യപ്പെട്ടതോടെ സംശയം തോന്നി. സുഹൃത്തിന്റെ യഥാര്‍ത്ഥ നമ്പറില്‍ വിളിച്ചപ്പോള്‍ താനല്ലെന്ന് പറഞ്ഞതോടെ സൈബര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള തട്ടിപ്പാണെന്ന് തെളിഞ്ഞത്.വീഡിയോ കാളില്‍ എത്തിയ ആളിന്റെ കണ്ണും ചുണ്ടും അനങ്ങിയെന്ന് ഡല്‍ഹി സ്വദേശി പറയുന്നു. അയാളുടെ മുഖം സ്‌ക്രീനിനോട് വളരെയധികം അടുപ്പിച്ചിരുന്നതിനാല്‍ പശ്ചാത്തലം കാണാന്‍ സാധിച്ചില്ല.

ഒരാളുടെ ചിത്രം ഉപയോഗിച്ച് ചുണ്ടും കണ്ണുകളും അനക്കി സംസാരിക്കുന്ന രീതിയിലാക്കുന്നതാണ് ഡീപ് ഫേക്ക് സാങ്കേതിക വിദ്യ.




Tags:    

Similar News