'പേടിഎം' ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് നീക്കി
ഗൂഗിളിന്റെ നയമാര്‍ഗനിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിന്റെ പേരിലാണ് നടപടിയെന്നാണ് റിപോര്‍ട്ടുകള്‍. സ്പോര്‍ട്സ് വാതുവയ്പ്പിന് സൗകര്യമൊരുക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ ആപ്ലിക്കേഷന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നുവെന്നാണ് ഗൂഗിളിന്റെ കണ്ടെത്തല്‍.
ന്യൂഡല്‍ഹി: ജനപ്രിയ ഇന്ത്യന്‍ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പായ പേടിഎമ്മിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് നീക്കംചെയ്തു. ഗൂഗിളിന്റെ നയമാര്‍ഗനിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിന്റെ പേരിലാണ് നടപടിയെന്നാണ് റിപോര്‍ട്ടുകള്‍. സ്പോര്‍ട്സ് വാതുവയ്പ്പിന് സൗകര്യമൊരുക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ ആപ്ലിക്കേഷന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നുവെന്നാണ് ഗൂഗിളിന്റെ കണ്ടെത്തല്‍. പേടിഎം ഫസ്റ്റ് ഗെയിംസ് ആപ്പും പ്ലേസ്റ്റോറില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ഗൂഗിള്‍ ഇന്ത്യ പുത്തന്‍ ബ്ലോഗ് പോസ്റ്റില്‍ ചൂതാട്ടനയങ്ങള്‍ക്കെതിരായ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഇതാദ്യമായാണ് പേടിഎമ്മിന്റെ പ്രധാന ആപ്ലിക്കേഷന്‍ നീക്കംചെയ്യുന്നത്.
എന്നാല്‍, പേടിഎമ്മിന്റെ പേമെന്റ് ആപ്പ് മാത്രമാണ് ഇപ്പോള്‍ ലഭ്യമാവാത്തതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. പേടിഎമ്മിന്റെ വെല്‍ത്ത് മാനേജ്മന്റ് ആപ്ലിക്കേഷനായ പേടിഎം മണി, പേടിഎം മാള്‍ എന്നിവ ഇപ്പോഴും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. അതേസമയം, ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഇപ്പോഴും പേടിഎം ലഭിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ചൂതാട്ടം സംബന്ധിച്ച ഗൂഗിളിന്റെ പുതിയ മാനദണ്ഡങ്ങള്‍ നിരന്തരമായി പേടിഎം ലംഘിച്ചുവെന്നാണ് ടെക് ക്രഞ്ച് ഈ പുറത്താക്കലിന് കാരണമായി പറയുന്നത്. ഓണ്‍ലൈന്‍ ചൂതാട്ടത്തിനുതകുന്ന ആപ്പുകളെയും അതിനെ പിന്തുണയ്ക്കുന്ന ആപ്പുകളെയും പിന്തുണയ്ക്കില്ലെന്നാണ് ഗൂഗിളിന്റെ മാനദണ്ഡം പറയുന്നത്.
'ഞങ്ങള്‍ ഓണ്‍ലൈന്‍ കാസിനോകളെ അനുവദിക്കുകയോ സ്‌പോര്‍ട്‌സ് വാതുവയ്പ്പ് സുഗമമാക്കുന്ന അപ്ലിക്കേഷനുകളെ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല. പണമോ, സമ്മാനങ്ങളോ നേടുന്നതിനായി പണമടച്ചുള്ള ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്ന, ഒരു ബാഹ്യ വെബ്സൈറ്റിലേക്ക് ഏതെങ്കിലും അപ്ലിക്കേഷന്‍ ഉപഭോക്താക്കളെ നയിക്കുന്നുവെങ്കില്‍ അത് ഞങ്ങളുടെ നയങ്ങളുടെ ലംഘനമാണ്' ഗൂഗിള്‍ ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി. പ്രതിമാസം 50 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളാണ് പേടിഎമ്മിനുള്ളത്.
2020 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് പേടിഎം ആപ്പിനെ പ്ലേ സ്റ്റോറില്‍നിന്നും ഗൂഗിള്‍ പുറത്താക്കിയതെന്നത് ശ്രദ്ധേയമാണ്. പേടിഎം തങ്ങളുടെ പ്രധാന ആപ്പ് വഴി ഫാന്റസി സ്‌പോര്‍ട്‌സ് സൗകര്യം ഐപിഎല്ലിന് മുമ്പായി പരസ്യം ചെയ്തതാണ് നടപടിക്ക് വിധേയമാവാനുള്ള കാരണം. ഐപിഎല്‍ ഓണ്‍ലൈന്‍ ലൈവ് സ്ട്രീമിങ് ചെയ്യാന്‍ അവകാശമുള്ള ഡിസ്നി + ഹോട്ട്സ്റ്റാര്‍ ആപ്പ് അധികൃതരോടും സ്‌പോര്‍ട്‌സ് വാതുവയ്പ്പ് പ്രോല്‍സാഹിപ്പിക്കുന്ന തരം പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്യരുതെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.