പത്രമാധ്യമങ്ങള്‍ക്കെതിരായ സര്‍ക്കാരുകളുടെ വേട്ടയാടല്‍; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ ലാഗ്വേജസ് ന്യൂസ് പേപ്പേഴ്‌സ് അസോസിയേഷന്‍

Update: 2021-10-01 03:12 GMT

ന്യൂഡല്‍ഹി: പത്രമാധ്യമങ്ങള്‍ക്കെതിരായ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വേട്ടയാടലില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ ലാഗ്വേജസ് ന്യൂസ് പേപ്പേഴ്‌സ് അസോസിയേഷന്‍ രംഗത്ത്. അധികാരത്തിലുള്ളവര്‍ക്ക് ഇഷ്ടപ്പെടാത്തത് പത്രങ്ങള്‍ എഴുതിയിട്ടുണ്ടെങ്കില്‍ പത്രങ്ങളുടെ ഉടമകള്‍, പത്രാധിപര്‍, ലേഖകര്‍, ഫീച്ചര്‍ എഴുത്തുകാര്‍ എന്നിവര്‍ക്കെതിരേ ആദായ നികുതി റെയ്ഡുകള്‍, പുതിയ തരം സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തല്‍, പത്രങ്ങള്‍ എന്തെഴുതിയാലും പല സ്ഥലങ്ങളില്‍നിന്നും തുടര്‍ച്ചയായി ക്രിമിനല്‍ കേസുകള്‍ എന്നിവ നേരിടുകയാണ്.

പത്രങ്ങള്‍ ഊര്‍ജസ്വലവും ശരിയായ ജനാധിപത്യത്തിന്റെയും നട്ടെല്ലാണ്. അവര്‍ക്ക് മാത്രമേ പൊതുജനങ്ങളുടെ പരാതികള്‍ ശരിയായ രീതിയില്‍ അറിയിക്കാന്‍ കഴിയൂ- അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പത്രങ്ങള്‍ ഒരു പ്രത്യേക പദവി ആവശ്യപ്പെടുന്നില്ല. പക്ഷേ, റെയ്ഡുകള്‍ക്കും ഫോണ്‍ ചോര്‍ത്തലിനും ഭരണാധികാരികള്‍ ചില പത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കുമ്പോള്‍ നിയമങ്ങള്‍ അതിന്റെ പതിവ് രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാവും.

പൊതുജനങ്ങളുടെ പരാതികള്‍ പ്രചരിപ്പിക്കുന്നത് ചിലര്‍ കുറ്റകരമായാണ് കാണുന്നത്. സര്‍ക്കാരുകളുടെ ഈ മുന്‍വിധിയോടുകൂടിയുള്ള നിലപാടിനെ ശക്തമായി എതിര്‍ത്ത അസോസിയേഷന്‍, സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും ഭരണഘടനയുടെ ആത്മാവ് ഉയര്‍ത്തിപ്പിടിക്കുകയും ജനാധിപത്യ മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടു.

പത്രമാധ്യമങ്ങള്‍ക്കെതിരേ ചുമത്തിയ അത്തരം കേസുകളെല്ലാം ഉടന്‍ പിന്‍വലിക്കണമെന്നും പത്രങ്ങള്‍ക്ക് ഭയമില്ലാതെ റിപോര്‍ട്ട് ചെയ്യാനുള്ള മുഴുവന്‍ അവസരവും നല്‍കേണ്ടത്. വളരെക്കുറച്ച് കേസുകളില്‍ മാത്രമേ തെറ്റായ റിപോര്‍ട്ടിങ്ങിന്റെ പേരില്‍ പത്രങ്ങള്‍ അപൂര്‍വമായി ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ എന്നത് വ്യക്തമാണെന്നും അസോസിയേഷന്‍ പ്രസിഡന്റ് പരേഷ് നാഥ്, വൈസ് പ്രസിഡന്റുമാരായ വിവേക് ഗുപ്ത, പ്രകാശ് പോഹ്‌റെ, ജനറല്‍ സെക്രട്ടറി എസ് നാഗണ്ണ എന്നിവര്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News