മോട്ടോര്‍ വാഹന നിയമലംഘനം: പിഴ പകുതിയായി വെട്ടിക്കുറച്ച് ഗുജറാത്ത് സര്‍ക്കാര്‍

സപ്തംബര്‍ ഒന്നുമുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്ന പുതിയ നിയമഭേദഗതിയിലെ ഉയര്‍ന്ന പിഴയാണ് ബിജെപി ഭരിക്കുന്ന ഗുജറാത്ത് സര്‍ക്കാര്‍ പകുതിയായി വെട്ടിക്കുറച്ചത്. ഉയര്‍ന്ന പിഴ ഈടാക്കുന്നതിനെതിരേ വ്യാപകപരാതി ഉയര്‍ന്നിരുന്നുവെന്നും വിശദമായ ചര്‍ച്ചകള്‍ നടത്തിയശേഷമാണ് പിഴ കുറയ്ക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു.

Update: 2019-09-10 17:55 GMT

ഗാന്ധിനഗര്‍: മോട്ടോര്‍ വാഹന നിയമലംഘനത്തിന് ഈടാക്കുന്ന പിഴത്തുകയില്‍ ഇളവുവരുത്തി ഗുജറാത്ത് സര്‍ക്കാര്‍. സപ്തംബര്‍ ഒന്നുമുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്ന പുതിയ നിയമഭേദഗതിയിലെ ഉയര്‍ന്ന പിഴയാണ് ബിജെപി ഭരിക്കുന്ന ഗുജറാത്ത് സര്‍ക്കാര്‍ പകുതിയായി വെട്ടിക്കുറച്ചത്. ഉയര്‍ന്ന പിഴ ഈടാക്കുന്നതിനെതിരേ വ്യാപകപരാതി ഉയര്‍ന്നിരുന്നുവെന്നും വിശദമായ ചര്‍ച്ചകള്‍ നടത്തിയശേഷമാണ് പിഴ കുറയ്ക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു. ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചാലും സീറ്റ് ബെല്‍റ്റ് ഇടാതെ യാത്രചെയ്താലും 1,000 രൂപയാണ് പിഴ. എന്നാല്‍, ഗുജറാത്തില്‍ ഇതിന് 500 രൂപ മാത്രമേ ഇനി ഈടാക്കുകയുള്ളൂ.

ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ ഇരുചക്രവാഹന യാത്രക്കാരില്‍നിന്ന് 2,000 രൂപയും കാര്‍ ഉള്‍പ്പടെയുള്ള വാഹനങ്ങളില്‍ യാത്രചെയ്യുന്നവരില്‍നിന്ന് 3,000 രൂപയും പിഴ ഈടാക്കിയാല്‍ മതിയെന്നും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പുതിയ നിയമപ്രകാരം ഇത് 5,000 രൂപയായിരുന്നു. ബൈക്കില്‍ മൂന്നുപേര്‍ സഞ്ചരിച്ചാലുള്ള 1,000 രൂപയില്‍നിന്ന് പിഴ 100 ആക്കിയും കുറച്ചിട്ടുണ്ട്. പുതിയ നിയമം അനുസരിച്ച് മലിനീകരണമുള്ള വാഹനമോടിക്കുന്നത് 10,000 രൂപയാണ് പിഴ.

എന്നാല്‍, ഗുജറാത്തില്‍ ചെറിയ വാഹനങ്ങള്‍ക്ക് 1,000 രൂപയും വലിയ വാഹനങ്ങള്‍ക്ക് 3,000 രൂപയുമാണ് പുതിയ നിരക്ക്. കേന്ദ്രം കൊണ്ടുവന്ന പുതിയ മോട്ടോര്‍ വാഹനനിയമത്തില്‍ ഭേദഗതി വരുത്താന്‍ കേരള സര്‍ക്കാര്‍ ആലോചനകള്‍ നടത്തുന്നതിനിടെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, പിഴ കുറച്ചത് നിയമലംഘകരോടുള്ള സര്‍ക്കാരിന്റെ കനിവായി കാണേണ്ടതില്ലെന്നും ഇതുവരെ ഈടാക്കിയിരുന്ന പിഴയുടെ പത്തിരട്ടിയോളം വര്‍ധിപ്പിച്ചതിനാലാണ് തുക കുറയ്ക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News