വ്യാജ ഏറ്റുമുട്ടല്‍ കേസ് പ്രതിക്ക് വിരമിച്ച ശേഷം സ്ഥാനക്കയറ്റം നല്‍കി ഗുജറാത്ത് സര്‍ക്കാര്‍
അഹമ്മദാബാദ്: പ്രമാദമായ ഇശ്‌റത്ത് ജഹാന്‍, സുഹ്‌റബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിയായിരുന്ന മുന്‍ ഐപിഎസ് ഓഫിസര്‍ ഡിജി വന്‍സാരയ്ക്ക് വിരമിച്ച ശേഷം സ്ഥാനക്കയറ്റം നല്‍കി ഗുജറാത്ത് സര്‍ക്കാര്‍. സര്‍ക്കാര്‍ ഉദ്യോഗത്തില്‍നിന്നു വിരമിച്ച് ആറു വര്‍ഷത്തിനുശേഷമാണ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ്(ഐജിപി) പദവി നല്‍കിയത്. ഗുജറാത്ത് സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം 2007 സപ്തംബര്‍ 29 മുതല്‍ മുന്‍കൂര്‍ പ്രാബല്യത്തില്‍ വരുന്ന ഡിജി വന്‍സാരയെ ഐജിപിയായി സ്ഥാനക്കയറ്റം നല്‍കിയതായാണു വ്യക്തമാക്കുന്നത്. വന്‍സാരയ്ക്കു സ്ഥാനക്കയറ്റം നല്‍കി വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷനല്‍ സെക്രട്ടറി നിഖില്‍ ഭട്ട് സ്ഥിരീകരിച്ചു. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഡിജി വാന്‍സാര 2014 മെയ് 31ന് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് (ഡിഐജി) ആയാണ് വിരമിച്ചിരുന്നത്. വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ശേഷം 2007 മെയ് മാസത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്തിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നരേന്ദ്രമോദിയെ വധിക്കാനെത്തിയ സംഘമെന്ന് ആരോപിച്ച് സുഹ്‌റബുദ്ദീന്‍ ശെയ്ഖിനെയും ഇശ്‌റത്ത് ജഹാനെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന കേസിലാണ്, അന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷായുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഡി ജി വന്‍സാര പ്രതിപ്പട്ടികയില്‍പെട്ടത്. എന്നാല്‍, പ്രത്യേക സിബിഐ കോടതി 2017 ആഗസ്തില്‍ സുഹ്‌റബുദ്ദീന്‍ ഷെയ്ക്ക് കേസിലും 2019 മെയ് മാസം ഇശ്‌റത്ത് ജഹാന്‍ കേസിലും ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. ''എല്ലാ കേസുകളിലും ജുഡീഷ്യറിയില്‍ നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചതിന്റെ ഫലമായി, എനിക്ക് വിരമിച്ച ശേഷം 29.09.2007 മുതല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസായി സ്ഥാനക്കയറ്റം നല്‍കി. ഇന്ത്യന്‍ സര്‍ക്കാരിനും ഗുജറാത്ത് സര്‍ക്കാരിനും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു എന്നാണ് വന്‍സാര ട്വീറ്റ് ചെയ്തത്. സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ പകര്‍പ്പും ഇതോടൊപ്പം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
വ്യാജ ഏറ്റുമുട്ടലുകള്‍ നടക്കുമ്പോള്‍ ഗുജറാത്ത് ഭീകരവിരുദ്ധ സേനയുടെ(എടിഎസ്) തലവനായിരുന്നു വാന്‍സാര. 2007 മാര്‍ച്ചില്‍ സ്‌റ്റേറ്റ് സിഐഡി അറസ്റ്റുചെയ്തശേഷം വാന്‍സാര ഏഴു വര്‍ഷത്തോളം ജയിലില്‍ കിടന്നു. 2012 സപ്തംബറിലാണ് സുഹ്‌റാബുദ്ദീന്‍ കേസ് മുംബൈയിലേക്ക് മാറ്റിയത്. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ്(ഡിഐജി) ആയി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. 2005 നവംബറില്‍ ഗാന്ധിനഗറിനു സമീപം വ്യാജ ഏറ്റുമുട്ടലില്‍ സുഹ്‌റബുദ്ദീന്‍ ഷെയ്ക്ക് കൊല്ലപ്പെട്ടു. ഇതിനു ശേഷം ഇദ്ദേഹത്തിന്റെ ഭാര്യ കൗസര്‍ബിയെയും കാണാതായി. ഇവരും കൊല്ലപ്പെട്ടതായി സിബിഐ കണ്ടെത്തിയിരുന്നു. നരേന്ദ്രമോദി-അമിത് ഷാ സംഘത്തെ ഏറെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്ന സുഹ്‌റബുദ്ദീന്‍ ശെയ്ഖ്, ഇശ്‌റത്ത് ജഹാന്‍ കേസുകളില്‍ ബിജെപി നേതാക്കള്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുത്തയാളാണ് ഡിജി വന്‍സാരയെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.