കര്‍ണാടക: കുമാരസ്വാമി യുഎസില്‍ നിന്നു തിരിച്ചെത്തി; വിമതര്‍ക്കു മന്ത്രിപദവി വാഗ്ദാനം
സര്‍ക്കാരിനെ വീഴ്ത്താനുള്ള ബിജെപിയുടെ ഏതുനീക്കത്തെയും പരാജയപ്പെടുത്തണമെന്നാണ് ഇരുവിഭാഗം നേതാക്കളുടെയും തീരുമാനം
ബെംഗളുരു: എംഎല്‍എമാരുടെ കൂട്ടരാജിയോടെ ഭരണപ്രതിസന്ധി നേരിടുന്ന കര്‍ണാടകയില്‍ വിമതര്‍ക്ക് മന്ത്രി പദവി വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളുടെ അനുനയ നീക്കം. ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തില്‍ ബെംഗളുരുവില്‍ നടന്ന ജെഡിഎസ് എംഎല്‍എമാരുടെ യോഗത്തിലാണ് നിലവിലെ മന്ത്രിമാര്‍ ഒഴിഞ്ഞ് വിമതര്‍ക്ക് മന്ത്രിപദവി നല്‍കാന്‍ ധാരണയായത്. ഇതുവഴി താല്‍ക്കാലികമായി പ്രതിസന്ധിയെ മറികടക്കാമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. അതിനിടെ, അമേരിക്കന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി രാത്രി 7.30ഓടെ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ബെംഗളുരുവില്‍ തിരിച്ചെത്തി. തുടര്‍ന്ന് താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലിലെത്തി കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തി. ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സര്‍ക്കാരിനെ വീഴ്ത്താനുള്ള ബിജെപിയുടെ ഏതുനീക്കത്തെയും പരാജയപ്പെടുത്തണമെന്നാണ് ഇരുവിഭാഗം നേതാക്കളുടെയും തീരുമാനം. എംഎല്‍എമാരുടെ രാജിക്ക് പിന്നില്‍ സിദ്ധരാമയ്യയാണെന്ന് ജെഡിഎസ് അധ്യക്ഷന്‍ ദേവഗൗഡ തുറന്നടിച്ചു. ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം സിദ്ധരാമയ്യയാണെന്നും രാജിവച്ച കോണ്‍ഗ്രസ് എംഎല്‍എമാരെല്ലാം അദ്ദേഹത്തിന്റെ അനുയായികളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണങ്ങളോട് പ്രതികരിക്കാതെ സിദ്ധരാമയ്യ ഒഴിഞ്ഞുമാറുകയാണ്. കോണ്‍ഗ്രസ് ക്യാംപിലും സിദ്ധരാമയ്യയ്‌ക്കെതിരേ ആരോപണമുയര്‍ന്നിട്ടുണ്ട്. രാജിവച്ചവരില്‍ ചിലര്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുമെങ്കില്‍ രാജിതീരുമാനത്തില്‍ നിന്നു പിന്‍മാറാമെന്ന് അറിയിച്ചതാണ് സംശയം വര്‍ധിപ്പിച്ചത്.
അതിനിടെ, രാജിക്കത്ത് കൈമാറിയ എംഎല്‍എമാരെ കൂടെക്കൂട്ടാന്‍ ബിജെപി എല്ലാവിധ നീക്കങ്ങളും തുടരുകയാണ്. രാജിവച്ച എംഎല്‍എമാര്‍ക്കൊപ്പം യെദിയൂരപ്പയുടെ പിഎ ഉണ്ടായിരുന്നതായും എംഎല്‍എമാര്‍ വിമാനത്താവളത്തിലേക്ക് പോവുമ്പോള്‍ ബസ്സിനടുത്ത് വരെ ഒരു ബിജെപി എംഎല്‍എ ഉണ്ടായിരുന്നതും മുംബൈയിലെ ഹോട്ടലില്‍ യുവമോര്‍ച്ച നേതാക്കള്‍ എംഎല്‍എമാരെ സന്ദര്‍ശിച്ചതും ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ്. പ്രതിസന്ധിക്കിടെ ജൂലൈ 9 നു നിയമസഭാ കക്ഷിനേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് യോഗം വിളിച്ചു. യോഗത്തില്‍ പങ്കെടുക്കാത്തവര്‍ക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ബിജെപി തിങ്കളാഴ്ച വൈകീട്ട് അഞ്ചിനു ബെംഗളൂരുവിലെ പാര്‍ട്ടി ഓഫിസില്‍ നിയമസഭാകക്ഷി യോഗം വിളിച്ചിട്ടുണ്ട്.