കര്‍ണാടക പ്രതിസന്ധി; വിമത എംഎല്‍എമാരുടെ ഹരജിയില്‍ സുപ്രിം കോടതി വിധി നാളെ

സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ നല്‍കിയ ഹരജിയില്‍ നാളെ രാവിലെ 10.30ന് വിധി പറയുമെന്ന് സുപ്രിംകോടതി അറിയിച്ചു.

Update: 2019-07-16 10:06 GMT

ന്യൂഡല്‍ഹി: സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ നല്‍കിയ ഹരജിയില്‍ നാളെ രാവിലെ 10.30ന് വിധി പറയുമെന്ന് സുപ്രിംകോടതി അറിയിച്ചു. എംഎല്‍എമാരുടെ രാജിയിലും അയോഗ്യതയിലും നാളെ തീരുമാനം ഉണ്ടാകുമെന്നു സ്പീക്കര്‍ കെ ആര്‍ രമേഷും കോടതിയെ അറിയിച്ചു.

കര്‍ണാടക സ്പീക്കര്‍ തങ്ങളുടെ രാജി സ്വീകരിക്കാത്തതിന് എതിരേ 10 എംഎല്‍എമാര്‍ നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് കേട്ടത്. അയോഗ്യരാക്കുമെന്ന് ഭീഷണിപ്പെടുത്തി സര്‍ക്കാരിനെ പിന്തുണക്കാന്‍ നിര്‍ബന്ധിക്കുന്നതായുള്ള മറ്റ് അഞ്ച് എംഎല്‍എമാരുടെ പരാതിയും കോടതി കേട്ടു.

അതേ സമയം, 10 എംഎല്‍എമാര്‍ ഒരുമിച്ച് നിന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമിയുടെ അഭിഭാഷകന്‍ വാദിച്ചു. അവര്‍ ഒരുമിച്ചാണ് മുംബൈയിലെ ഹോട്ടലിലേക്കു പോയതെന്ന് മുഖ്യമന്ത്രിക്കു വേണ്ടി വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി. മുംബൈയിലെത്തിയ ഓരോ എംഎല്‍എക്കും മന്ത്രിയാവണം. ഇത് സ്പീക്കറും കോടതിയും തമ്മിലുള്ള പ്രശ്‌നമല്ലെന്നും മുഖ്യമന്ത്രിയും മുഖ്യമന്ത്രിയാവാന്‍ ആഗ്രഹിക്കുന്ന ചിലരും തമ്മിലുള്ള പ്രശ്‌നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജി യഥാര്‍ത്ഥവും സ്വമനസ്സാലേ ചെയ്തതുമാണോ എന്ന് സ്പീക്കര്‍ക്ക് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കോടതിയോട് പറഞ്ഞു.

അതേ സമയം, അസംബ്ലിയില്‍ ഹാജരാവാന്‍ തങ്ങളെ നിര്‍ബന്ധിക്കാന്‍ സ്പീക്കര്‍ക്കാവില്ലെന്ന് വിമത എംഎല്‍എമാര്‍ വാദിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് വിമത എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായത്. രാജിവച്ച് ജനങ്ങളിലേക്ക് തിരിച്ചുപോവുക എംഎല്‍എമാരുടെ അവകാശമാണെന്നും രാജി അംഗീകരിക്കാതെ, എംഎല്‍എ ആയി തുടരാന്‍ സ്പീക്കര്‍ വിമതരെ നിര്‍ബന്ധിക്കുകയാണെന്നും റോത്തഗി കോടതിയെ അറിയിച്ചു. രാജി അംഗീകരിച്ചാല്‍ കര്‍ണാടക സര്‍ക്കാര്‍ ന്യൂനപക്ഷമാകും എന്നതിനാലാണ് സ്പീക്കര്‍ രാജി അംഗീകരിക്കാത്തതെന്നും റോത്തഗി വാദിച്ചു. എന്നാല്‍, രാജിയിലും അയോഗ്യതയിലും സ്പീക്കര്‍ എങ്ങനെ തീരുമാനം എടുക്കണമെന്ന് കോടതിക്ക് നിര്‍ദ്ദേശിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പ്രതികരിച്ചു. ഇക്കാര്യങ്ങളില്‍ എന്തെങ്കിലും ഭരണഘടനപരമായ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നേ പരിശോധിക്കാനാകൂ എന്നും റോത്തഗിയുടെ വാദങ്ങളിന്മേല്‍ കോടതി പരാമര്‍ശം നടത്തി.

വിമത എംഎല്‍എമാരുടെ രാജി സ്വീകരിച്ചാല്‍ ഭരണസഖ്യത്തിന്റെ അംഗസംഖ്യ 118ല്‍ നിന്ന് നൂറിലേക്കു താഴും. ഭൂരിപക്ഷത്തിന് വേണ്ട എംഎല്‍എമാരുടെ എണ്ണം 113ല്‍ നിന്ന് 105 ആവും. ബിജെപിക്ക് 105 എംഎല്‍എമാരുടെ പിന്തുണയുണ്ട്. രണ്ട് സ്വതന്ത്രരും കൂടി ചേര്‍ന്നാല്‍ എണ്ണം 107 ആവും. 

Tags:    

Similar News