വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു; കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വീണു

105 അംഗങ്ങള്‍ വിശ്വാസപ്രമേയത്തെ എതിര്‍ത്തു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 99 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.

Update: 2019-07-23 14:34 GMT

ബംഗളൂരു: ഒടുവില്‍ കര്‍ണാടകയിലെ എച്ച് ഡി കുമാരസ്വാമി സര്‍ക്കാര്‍ വീണു. ദിവസങ്ങള്‍ നീണ്ട നാടകങ്ങള്‍ക്കൊടുവില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെൡയിക്കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് സാധിച്ചില്ല. 105 അംഗങ്ങള്‍ വിശ്വാസപ്രമേയത്തെ എതിര്‍ത്തു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 99 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞയാഴ്ച്ച 16 കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ രാജിവയ്ക്കുകയും രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തിരുന്നു. രണ്ട് സ്വതന്ത്ര എംഎല്‍എമാരെ കോണ്‍ഗ്രസുകാര്‍ ബലം പ്രയോഗിച്ച് അസംബ്ലിയില്‍ എത്തിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നാടകീയ രംഗങ്ങളാണ് ബംഗളൂരു നഗരത്തില്‍ അരങ്ങേറിയത്.

വെള്ളിയാഴ്ച്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ ഇത് വകവയ്ക്കാതെ തിങ്കളാഴ്ച്ചത്തേക്കു മാറ്റുകയായിരുന്നു. തിങ്കളാഴ്ച്ചയും ചര്‍ച്ച പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് ഇന്നത്തേക്കു മാറ്റിയത്. വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും വന്‍ വാഗ്ദാനങ്ങള്‍ നല്‍കി ബിജെപി അവരെ തങ്ങളുടെ പക്ഷത്തു തന്നെ ഉറപ്പിച്ചു നിര്‍ത്തുകയായിരുന്നു.

കഴിഞ്ഞ 14 മാസം മാന്യമായ ഭരണമാണ് താന്‍ കാഴ്ച്ച വച്ചതെന്നും അധികാരത്തില്‍ നിന്ന് ഇറങ്ങുന്നതില്‍ തനിക്ക് പ്രയാസമില്ലെന്നും വിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കിക്കൊണ്ട് കുമാരസ്വാമി പറഞ്ഞു. സഖ്യസര്‍ക്കാര്‍ തുടങ്ങിയ ആദ്യ ദിവസം തന്നെ തടസ്സങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും കുമാരസ്വാമി പറഞ്ഞു.

വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട കുമാരസ്വാമി ഗവര്‍ണറെ കണ്ട് രാജിസമര്‍പ്പിക്കും. സംസ്ഥാനത്ത് സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു. 

Tags:    

Similar News