കര്‍ണാടക മുഖ്യമന്ത്രിയായി യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും
വിശ്വാസ വോട്ടെടുപ്പില്‍ തോറ്റ് കുമാരസ്വാമി രാജിവച്ചതോടെ, 14 മാസത്തെ ഇടവേളക്ക് ശേഷം ബി എസ് യെദിയൂരപ്പ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് എത്തുകയാണ്. കര്‍ണാടക നിയമസഭയില്‍ 105 എംഎല്‍എമാരുമായി വലിയ ഒറ്റക്കക്ഷിയാണ് ബിജെപി.
ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി നേതാവ് ബി എസ് യെദിയൂരപ്പ ഗവര്‍ണറെ കണ്ട് ഇന്ന് അവകാശവാദമുന്നയിക്കും. മുഖ്യമന്ത്രിയായി യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും രാജിവച്ച വിമത എംഎല്‍എമാര്‍ മുംബൈയില്‍ നിന്ന് ഇന്ന് തിരിച്ചെത്തും. സര്‍ക്കാര്‍ പരാജയപ്പെട്ടെങ്കിലും ജെഡിഎസ് സഖ്യം തുടരാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം.
വിശ്വാസ വോട്ടെടുപ്പില്‍ തോറ്റ് കുമാരസ്വാമി രാജിവച്ചതോടെ, 14 മാസത്തെ ഇടവേളക്ക് ശേഷം ബി എസ് യെദിയൂരപ്പ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് എത്തുകയാണ്. കര്‍ണാടക നിയമസഭയില്‍ 105 എംഎല്‍എമാരുമായി വലിയ ഒറ്റക്കക്ഷിയാണ് ബിജെപി. 15 വിമതരുടെ രാജി സ്വീകരിക്കുകയോ അവരെ അയോഗ്യരാക്കുകയോ ചെയ്താല്‍, രണ്ട് സ്വതന്ത്രരുടെ പിന്തുണയില്‍ ബിജെപിക്ക് കേവലഭൂരിപക്ഷമാകും. അതുകൊണ്ടാണ് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ ബിജെപി തീരുമാനിച്ചത്. ഇതിനായി, ഗവര്‍ണര്‍ ഇന്ന് തന്നെ യെദിയൂരപ്പയെ ക്ഷണിച്ചേക്കും. സത്യപ്രതിജ്ഞ നാളെയാകാനാണ് സാധ്യത.
15 പേരെ അയോഗ്യരാക്കിയാല്‍ ഉപതിരഞ്ഞെടുപ്പുകളിലെ ഫലം ബിജെപിക്ക് നിര്‍ണായകമാകും. കോണ്‍ഗ്രസും ജെഡിഎസും സഖ്യമായി മത്സരിച്ചാല്‍ വിമതരുടെ മണ്ഡലങ്ങളില്‍ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞേക്കും. യെദിയൂരപ്പ വിശ്വാസം തെളിയിക്കുന്നതിന് മുമ്പ് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിരിച്ചുവരികയും സ്വതന്ത്രര്‍ നിലപാട് മാറ്റുകയും ചെയ്താല്‍ ബിജെപി സമ്മര്‍ദ്ദത്തിലാകും. വിമത എംഎല്‍എമാര്‍ മുംബൈയിലെ ഹോട്ടലില്‍ നിന്ന് ഇന്ന് ബംഗളൂരുവില്‍ എത്തും. രാജിവച്ച ശേഷം ഒരു തവണ മാത്രമാണ് ഇവര്‍ ബംഗളൂരുവില്‍ വന്നത്. വിമതരെ അനുനയിപ്പിക്കാന്‍ എല്ലാ അടവുകളും പയറ്റിയിട്ടും സര്‍ക്കാര്‍ താഴെവീണതിന്റെ നിരാശയിലാണ് കോണ്‍ഗ്രസ്.
പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങളും വിമതനീക്കത്തിന് കാരണമായെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നുണ്ട്. നേതാക്കളോട് ഒറ്റക്കെട്ടായി നീങ്ങാനാണ് ആഹ്വാനം. ഉപതിരഞ്ഞെടുപ്പ് വരെ ജെഡിഎസ് സഖ്യത്തില്‍ പുനരാലോചന ഇല്ല എന്നാണ് വിവരം. എന്നാല്‍ സഖ്യത്തില്‍ അതൃപ്തിയുള്ള നേതാക്കളുണ്ട്. ഇവര്‍ പരസ്യപ്രതികരണത്തിന് തയ്യാറായാല്‍ അത് വെല്ലുവിളിയാവും.