സൈന്യത്തെ ഏറ്റെടുക്കാന്‍ ആര്‍എസ്എസ് അഗ്‌നിവീരന്മാരെ ഉപയോഗിക്കും: കുമാരസ്വാമി

Update: 2022-06-20 12:06 GMT

ബെംഗലൂരു: കേന്ദ്രസര്‍ക്കാരിന്റെ വിവാദ സൈനിക പദ്ധതിയായ അഗ്‌നിപഥ് ആര്‍എസ്എസ്സിന്റെ രഹസ്യ അജണ്ടയുടെ ഭാഗമാണെന്ന വിമര്‍ശനവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ഇന്ത്യയില്‍ നാസി ഭരണത്തിന് തുടക്കമിടാനും സൈന്യത്തെ നിയന്ത്രണത്തിലാക്കാനുമുള്ള ആര്‍എസ്എസിന്റെ നിഗൂഢ അജണ്ടയാണ് അഗ്‌നിപഥ് പദ്ധതിയെന്നു കുമാരസ്വാമി ആരോപിച്ചു.

സൈന്യത്തിനകത്തും പുറത്തും അവരുടെ സേവനം അവസാനിച്ചാലും അഗ്‌നിവീരന്മാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുമ്പോള്‍ തീര്‍ച്ചയായും ആര്‍.എസ്.എസ് കാര്യവാഹകുകളെ അവര്‍ സൈന്യത്തിലേക്ക് തള്ളിക്കയറ്റും. അങ്ങനെ അവര്‍ 2.5 ലക്ഷം ആര്‍എസ്എസ് പ്രവര്‍ത്തകരെ സൈന്യത്തില്‍ സജ്ജമാക്കിയേക്കാം. ബാക്കിയുള്ള 75ശതമാനം ആളുകളെ 11 ലക്ഷം രൂപകൊടുത്ത് പുറത്താക്കും. അതോടെ രാജ്യത്തുടനീളം അവര്‍ വ്യാപിക്കും''.കുമാരസ്വാമി ചൂണ്ടിക്കാട്ടി.

അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം കത്തിപ്പടരുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ നാസി ഭരണം നടക്കുന്ന സമയത്താണ് ആര്‍എസ്എസ് രൂപീകരിച്ചതെന്ന കാര്യവും കുമാരസ്വാമി ഓര്‍മപ്പെടുത്തി. നമ്മുടെ രാജ്യത്ത് നാസിഭരണം നടപ്പാക്കുകയാണ് അവരുടെ ലക്ഷ്യവും. അതിനായി അഗ്‌നിപഥ് അല്ലെങ്കില്‍ അഗ്‌നിവീരന്‍മാരെ സൃഷ്ടിക്കുകയാണ്. പദ്ധതിയെ കുറിച്ച് തനിക്ക് ചില സംശയങ്ങളുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

അവര്‍ പറയുന്നത് ഇപ്പോള്‍ എടുക്കുന്നവരില്‍ രണ്ടരലക്ഷം ആളുകളെ സൈന്യത്തില്‍ സ്ഥിരപ്പെടുത്തുമെന്നാണ്. ഇത് ആര്‍എസ്എസ് പ്രവര്‍ത്തകരായിരിക്കും. നാലുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന 75 ശതമാനം ആളുകളെ പിരിച്ചുവിടും. പുറത്താകുന്നവരിലും ആര്‍എസ്എസ് കാര്‍ തന്നെയായിരിക്കും.

Tags:    

Similar News