അഞ്ച് നഗരങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണം; ഹൈക്കോടതി ഉത്തരവ് തള്ളി യുപി സര്‍ക്കാര്‍
കൊവിഡ് കേസുകളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ഏപ്രില്‍ 26ന് അര്‍ധരാത്രി മുതല്‍ ലഖ്‌നോ, പ്രയാഗ്‌രാജ്, വാരാണസി, കാണ്‍പൂര്‍, ഗോരഖ്പൂര്‍ എന്നീ അഞ്ച് നഗരങ്ങള്‍ പൂട്ടിയിടണമെന്നാണ് അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ചത്. എന്നാല്‍, ഈ ഉത്തരവ് പാലിക്കാന്‍ കഴിയില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തിങ്കളാഴ്ച വൈകീട്ട് തീരുമാനിക്കുകയായിരുന്നു.

ലഖ്‌നോ: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ അഞ്ച് നഗരങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ തള്ളി. കൊവിഡ് കേസുകളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ഏപ്രില്‍ 26ന് അര്‍ധരാത്രി മുതല്‍ ലഖ്‌നോ, പ്രയാഗ്‌രാജ്, വാരാണസി, കാണ്‍പൂര്‍, ഗോരഖ്പൂര്‍ എന്നീ അഞ്ച് നഗരങ്ങള്‍ പൂട്ടിയിടണമെന്നാണ് അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ചത്. എന്നാല്‍, ഈ ഉത്തരവ് പാലിക്കാന്‍ കഴിയില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തിങ്കളാഴ്ച വൈകീട്ട് തീരുമാനിക്കുകയായിരുന്നു.
ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളില്‍ പോരായ്മകളുണ്ട്. പ്രത്യേകിച്ച്, ലഖ്‌നോ, പ്രയാഗ്‌രാജ്, വാരാണസി, കാണ്‍പൂര്‍, ഗോരഖ്പൂര്‍ തുടങ്ങിയ നഗരങ്ങളില്‍. എന്നാല്‍, ജീവിതവും ഉപജീവനവും സംരക്ഷിക്കേണ്ടതുണ്ട്. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 30,000 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. എല്ലാ മതസ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുകയും ചടങ്ങുകള്‍ നിര്‍ത്തിവയ്ക്കുകയും ഷോപ്പിങ് മാളുകള്‍ അടയ്ക്കുകയും ചെയ്യുന്നതുള്‍പ്പെടെ നിരവധി ഉത്തരവുകളാണ് കോടതി പുറപ്പെടുവിച്ചത്.
കൊവിഡ് വ്യാപനം നേരിടുന്നതിലും ഇത്തരം ഉത്തരവുകള്‍ പാലിക്കുന്നതിലും സംസ്ഥാനം വിമുഖതയാണ് കാണിക്കുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ധനകാര്യസ്ഥാപനങ്ങള്‍, മെഡിക്കല്‍ അല്ലെങ്കില്‍ ആരോഗ്യ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വ്യാവസായിക, ശാസ്ത്ര സ്ഥാപനങ്ങള്‍, മുനിസിപ്പല്‍ പ്രവര്‍ത്തനങ്ങള്‍, പൊതുഗതാഗതം തുടങ്ങിയ അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളും അടച്ചിടണം.
ലോക്ക് ഡൗണിന്റെ കാലയളവില്‍ വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സാമൂഹികപ്രവര്‍ത്തനങ്ങളും സമ്മേളനങ്ങളും ഹൈക്കോടതി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനകം നിശ്ചയിച്ച വിവാഹങ്ങളെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിന് ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി തേടണം. നിലവിലെ കൊവിഡ് സാഹചര്യത്തെ അടിസ്ഥാനമാക്കിയാണ് തീരുമാനം. പങ്കെടുക്കുന്ന ആളുകളുടെ എണ്ണം 25 പേരിലേക്ക് പരിമിതപ്പെടുത്തും. പൊതുഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. മെഡിക്കല്‍ അത്യാഹിതങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് മാത്രമേ യാത്രചെയ്യാന്‍ അനുവാദമുള്ളൂ- കോടതി പറഞ്ഞു.