ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്; മാധവി ബുച്ചിനെതിരെ അന്വേഷണം നടത്തില്ലെന്ന് ഉറപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ വിദേശ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന ആരോപണത്തില്‍ സെബി ചെയര്‍പേഴ്സണ്‍ മാധവി ബുച്ചിനെതിരെ അന്വേഷണം നടത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ധനകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഇതുസംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ അന്വേഷണ സംഘത്തെ നിയോഗിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
അദാനി ഗ്രൂപ്പിന്റെ വിദേശ രഹസ്യ കമ്പനികളില്‍ സെബി ചെയര്‍പേഴ്സണ്‍ മാധവി ബുച്ചിനും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് വെളിപ്പെടുത്തി. നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പില്‍ വിശദമായ അന്വേഷണത്തിന് സെബി തയ്യാറാകാതിരുന്നത് മാധവി ബുച്ചിന്റെ നിക്ഷേപം കാരണമാണെന്നും ശനിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.
ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിക്ക് നിക്ഷേപമുള്ള കമ്പനിയിലാണ് മാധവി ബുച്ചിനും ഭര്‍ത്താവിനും നിക്ഷേപമുള്ളതെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2015ല്‍ മൗറീഷ്യസിലും ബര്‍മൂഡയിലുമുള്ള കടലാസ് കമ്പനികളില്‍ മാധവി ബുച്ചും ഭര്‍ത്താവും നിക്ഷേപം നടത്തിയെന്നാണ് ആരോപണം.
2017ല്‍ സെബിയില്‍ മുഴുവന്‍ സമയ അംഗമായ മാധവി പുരി ബുച്ച് 2022ല്‍ അധ്യക്ഷയായി ചുമതലയേല്‍ക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് ഇവരുടെ പേരിലുണ്ടായിരുന്ന നിക്ഷേപങ്ങള്‍ പൂര്‍ണമായും ഭര്‍ത്താവിന്റെ പേരിലാക്കി. സംഭവത്തില്‍ പാര്‍ലമെന്റ് സംയുക്ത സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.