ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങള്‍; ഇന്ത്യയുടെ കൊവിഡ് പോരാട്ടം മികച്ചതെന്ന് പ്രധാനമന്ത്രി
രാജ്യത്ത് നിലവില്‍ 11,000 കൊവിഡ് പരിശോധനാ കേന്ദ്രങ്ങളും 11 ലക്ഷത്തിലധികം ഐസോലേഷന്‍ ബെഡുകളുമുണ്ട്. ദിവസവും അഞ്ച് ലക്ഷത്തിലധികം ടെസ്റ്റുകള്‍ നടക്കുന്നു.
ന്യൂഡല്‍ഹി: കൊവിഡ് പോരാട്ടത്തില്‍ ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങളെടുക്കുന്നതിനാല്‍ ഇന്ത്യ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് പ്രധാനമന്ത്രി നരേന്ദമോദി. നമ്മുടെ മരണനിരക്ക് മുന്‍നിര രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നും നമ്മുടെ രാജ്യത്ത് രോഗമുക്തി പല രാജ്യങ്ങളെക്കാളും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈ, കൊല്‍ക്കത്ത, നോയ്ഡ എന്നിവിടങ്ങളിലെ കൊവിഡ് ടെസ്റ്റിങ് ലാബുകള്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം അവകാശപ്പെട്ടത്. കൊവിഡ് പോരാളികളുടെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ലോകം നമ്മെ പ്രശംസിക്കുന്നത്. മുന്‍കരുതലുകളില്‍ വീഴ്ചവരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ഇന്ത്യക്കാരനെയും രക്ഷിക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്ത് നിലവില്‍ 11,000 കൊവിഡ് പരിശോധനാ കേന്ദ്രങ്ങളും 11 ലക്ഷത്തിലധികം ഐസോലേഷന്‍ ബെഡുകളുമുണ്ട്. ദിവസവും അഞ്ച് ലക്ഷത്തിലധികം ടെസ്റ്റുകള്‍ നടക്കുന്നു. എല്ലാ ഇന്ത്യക്കാരുടെയും ജീവന്‍ രക്ഷിക്കുകയാണ് ലക്ഷ്യം. ഒരുഘട്ടത്തില്‍ രാജ്യത്ത് ഒരു പിപിഇ കിറ്റുപോലും നിര്‍മിച്ചിരുന്നില്ല. പിപിഇ കിറ്റുകള്‍ നിര്‍മിക്കുന്നതില്‍ ഇന്ത്യ ഇന്ന് ലോകത്ത് രണ്ടാം സ്ഥാനത്താണ്. ആറുമാസത്തിനിടയില്‍ 1200ല്‍ അധികം നിര്‍മാതാക്കളാണ് പിപിഇ കിറ്റ് നിര്‍മാണം തുടങ്ങിയത്. രാജ്യത്ത് പ്രതിദിനം മൂന്ന് ലക്ഷം എന്‍ 95 മാസ്‌കുള്‍ നിര്‍മിക്കുന്നുണ്ട്. ഓരോ വര്‍ഷവും മൂന്നുലക്ഷം വെന്റിലേറ്ററുകള്‍ നിര്‍മിക്കാനുള്ള ശേഷി ഇന്ന് നമുക്കുണ്ട്.
മുംബൈ, നോയ്ഡ, കൊല്‍ക്കത്ത നഗരങ്ങളില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന പുതിയ ലാബുകള്‍ കൊവിഡ് പരിശോധനയ്ക്ക് മാത്രമുള്ളവയല്ല. ഹെപ്പറ്റൈറ്റിസ് ബി,സി, എച്ച്ഐവി, ഡെങ്കി അടക്കമുള്ളവയ്ക്കുള്ള പരിശോധനകള്‍ ഭാവിയില്‍ ഇവിടെ നടത്താന്‍ കഴിയും. കൊവിഡ് മഹാമാരിക്കെതിരേ പോരാടുന്നതിന് മാനവ വിഭവശേഷിയുണ്ടാക്കിയെടുക്കുകയെന്ന വെല്ലുവിളി നേരിടാനായത് ശ്രദ്ധേയമാണ്. പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, എഎന്‍എം, അങ്കണവാടി, മറ്റ് ആരോഗ്യ, സിവില്‍ വര്‍ക്കര്‍മാര്‍ എന്നിവരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പരിശീലിപ്പിച്ച് കൊവിഡ് പ്രതിരോധത്തില്‍ പങ്കാളിയാക്കിയന്നെത് അദ്ഭുതമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.