ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കി മാറ്റണം'; ആവശ്യവുമായി ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ്; പ്രധാനമന്ത്രിക്ക് കത്തയച്ചു
ന്യൂഡല്‍ഹി: ഇന്ത്യ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കണമെന്നാവശ്യവുമായി പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദിഖി.ഇന്ത്യന്‍ സാംസ്‌കാരിക മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതരത്തില്‍ കൊളോണിയല്‍ ഭരണത്തിന്റെ അവശിഷ്ടങ്ങള്‍ ഇല്ലാതാക്കുകയും ഇന്ത്യന്‍ സാംസ്‌കാരിക വിവിധ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ പുനര്‍നാമകരണം ചെയ്യുകയും വേണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു.
ആഗോളതലത്തില്‍ തന്നെ ഇന്ത്യയുടെ ഐഡന്റിറ്റിയുടെ അടയാളമാണ് ഇന്ത്യ ഗേറ്റ് എന്ന് സിദ്ദിഖി എഎന്‍ഐയോട് പ്രതികരിച്ചു.ഈ തീരുമാനത്തില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകേണ്ടതില്ല. എല്ലാവരും ഇത് പൂര്‍ണ്ണമനസോടെ സ്വീകരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു-അദ്ദേഹം വ്യക്തമാക്കി.
മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് പേരിലുള്ള റോഡ് എപി.ജെ അബ്ദുള്‍ കലാം റോഡെന്ന് പുനര്‍നാമകരണം ചെയ്തു. ഇന്ത്യാഗേറ്റില്‍ നിന്ന് ജോര്‍ജ് അഞ്ചാമന്റെ പ്രതിമ മാറ്റി പകരം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ചു. രാജ്പഥിനെ കര്‍ത്തവ്യയെന്ന നാമകരണം ചെയ്ത് ഇന്ത്യയുടെ സംസ്‌കാരവുമായി ബന്ധിപ്പിച്ചു. അതുപോലെ ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാതാ ദ്വാര്‍ എന്ന് മാറ്റണമെന്ന് താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു കത്തില്‍ ജമാല്‍ സിദ്ദിഖി പറയുന്നു.