ഭാരത രത്‌നയെ അപമാനിച്ചെന്ന്; അസം ഗായകനെതിരേ കേസെടുത്തു

2016ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു വേണ്ടി പ്രചാരണഗാനങ്ങള്‍ ആലപിച്ച ഇദ്ദേഹം പൗരത്വബില്ലുമായി ബന്ധപ്പെട്ടാണ് ബിജെപിക്കെതിരേ രംഗത്തെത്തിയത്

Update: 2019-01-27 12:56 GMT
ഗുവാഹത്തി: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌നയെ അപമാനിച്ചെന്ന് ആരോപിച്ച് അസമീസ് ഗായകന്‍ സുബീന്‍ ഗാര്‍ഗിനെതിരേ കേസെടുത്തു. ബിജെപി നേതാവ് സത്യ രഞ്ജന്‍ ബോര്‍ഹിന്റെ പരാതിയിലാണ് നടപടി. സാമൂഹിക മാധ്യമമായ വാട്‌സാപ്പിലൂടെ ഭാരതരത്‌ന പുരസ്‌കാരത്തെ മോശം വാക്കുകള്‍ ഉപയോഗിച്ച് ഗാര്‍ഗ് അപമാനിച്ചെന്നാണു ആരോപണം. അസമിലെ ഹോജായ് ജില്ലയിലെ ലങ്ക പോലിസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തനിക്ക് സുബീന്‍ ഗാര്‍ഗുമായി വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്നും എന്നാല്‍ ദേശീയ പുരസ്‌കാരത്തോട് അനാദരവ് പ്രകടിപ്പിച്ചത് ശരിയായില്ലെന്നുമാണ് ബോര്‍ഹിന്റെ പരാതി. നേരത്തെ അസമിലെ പൗരത്വ ഭേദഗതി ബില്ലിനെതിരെ സുബീന്‍ ഗാര്‍ഗ് രംഗത്തെത്തിയിരുന്നു. 2016ല്‍ ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം ആലപിച്ചതിന് തനിക്കു നല്‍കിയ പ്രതിഫലം തിരികെ നല്‍കാമെന്നും പകരം തന്റെ പാട്ടുകളില്‍ നിന്ന് ബിജെപി നേടിയ വോട്ടുകള്‍ തിരികെ നല്‍കണമെന്നും ഗാര്‍ഗ് ഗാര്‍ഗ് പറഞ്ഞിരുന്നു. 2016ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു വേണ്ടി പ്രചാരണഗാനങ്ങള്‍ ആലപിച്ച ഇദ്ദേഹം പൗരത്വബില്ലുമായി ബന്ധപ്പെട്ടാണ് ബിജെപിക്കെതിരേ രംഗത്തെത്തിയത്.





Tags:    

Similar News