പിങ്ക് പോലിസ് അപമാനിച്ചതിലെ നഷ്ടപരിഹാരം: സര്‍ക്കാര്‍ അപ്പീല്‍ ഇന്ന് ഡിവിഷന്‍ ബഞ്ചില്‍
സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.
കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പോലിസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് പരിഗണിക്കും. സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.
പോലിസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യത ഇല്ലെന്നും സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമാണ് ആവശ്യം.
പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത എട്ടുവയസ്സുകാരിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഡിസംബര്‍ 22നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്ക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിയോടും പിതാവിനോടും മോശമായി പെരുമാറിയ ഉദ്യോഗസ്ഥയെ ക്രമസമാധാനച്ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും സിംഗിള്‍ ബഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് അപ്പീല്‍ ഹര്‍ജി പരിഗണിക്കുക.
ഓഗസ്റ്റ് 27നാണ് വിവാദത്തിന് ആസ്പദമായ സംഭവമുണ്ടായത്. ഐഎസ്ആര്‍ഒയുടെ വലിയ വാഹനം കാണാന്‍ പോയ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പോലിസ് ഉദ്യോഗസ്ഥ അവഹേളിക്കുകയായിരുന്നു.അച്ഛനും മകളും തന്റെ മൊബൈല്‍ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പോലിസ് ഉദ്യോഗസ്ഥ രജിതയുടെ ആരോപണം. ഒടുവില്‍ പോലിസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗില്‍ നിന്ന് മൊബൈല്‍ കിട്ടിയിരുന്നു.
എന്നിട്ടും ഈ പോലിസ് ഉദ്യോഗസ്ഥ മോശമായി തന്നെ പെരുമാറിയെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. പോലിസുകാരുടെ പരസ്യവിചാരണ എട്ടുവയസുകാരിയുടെ കുഞ്ഞുമനസിനെ തളര്‍ത്തി.തുടര്‍ന്ന് ബാലാവകാശകമ്മീഷന്‍ ഉടന്‍ ഇടപെട്ടു. പോലിസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പോലിസ് ഉദ്യോഗസ്ഥയെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് ഡിവൈഎസ്പി നല്‍കിയത്. തുടര്‍ന്ന് ജയചന്ദ്രന്‍ ഡിജിപിക്ക് പരാതി നല്‍കി.
ഓഗസ്റ്റ് 31ന് ഐജി ഹര്‍ഷിത അട്ടല്ലൂരിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് ഡിജിപിയുടെ ഉത്തരവ് വന്നു. പക്ഷേ പോലിസ് റിപ്പോര്‍ട്ട് പഴയ പടി തന്നെയായിരുന്നു. ജാഗ്രതക്കുറവ് മാത്രമാണ് രജിതയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഐജിയും ആവര്‍ത്തിച്ചു. നീതി നേടി എസ്എസി എസ്ടി കമ്മീഷനെയും ജയചന്ദ്രന്‍ സമീപിച്ചു. പോലിസ് ഉദ്യോഗസ്ഥയെ യൂണിഫോം ധരിച്ചുള്ള ജോലികളില്‍ നിന്ന് ഒഴിവാക്കണമെന്ന് എസ്‌സി എസ്ടി കമ്മീഷന്‍ പോലിസിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍, ഉദ്യോസ്ഥക്കെതിരേ സ്ഥലം മാറ്റത്തിന് അപ്പുറമുള്ള ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. രജിത എന്ന പോലിസ് ഉദ്യോഗസ്ഥ ഇപ്പോഴും കൊല്ലം സിറ്റിയില്‍ ജോലി ചെയ്യുന്നു.