പിങ്ക് പോലിസ് പരസ്യവിചാരണ; ഇനിയെങ്കിലും മകളെ കരയിക്കരുത്, കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്നും പിതാവ് ജയചന്ദ്രന്‍

ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരത്തുകയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനും നല്‍കുമെന്ന് തോന്നയ്ക്കല്‍ സ്വദേശിയായ ജയചന്ദ്രന്‍ പറഞ്ഞു

Update: 2021-12-28 08:52 GMT

തിരുവനന്തപുരം: പിങ്ക് പോലിസിന്റെ പരസ്യവിചാരണ നേരിട്ട സംഭവത്തില്‍ നീതി കിട്ടിയെന്ന് പരാതിക്കാരിയുടെ പിതാവ് ജയചന്ദ്രന്‍. ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരത്തുകയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനും നല്‍കുമെന്ന് തോന്നയ്ക്കല്‍ സ്വദേശിയായ ജയചന്ദ്രന്‍ പറഞ്ഞു. ഇനിയെങ്കിലും സര്‍ക്കാര്‍ ഈ കേസില്‍ അപ്പീല്‍ പോകരുതെന്നും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അച്ഛന്‍ ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.

ഇനിയെങ്കിലും മകളെ കരയിക്കരുതെന്ന് പറഞ്ഞ ജയചന്ദ്രന്‍ മാധ്യമങ്ങളോട് നന്ദിയും അറിയിച്ചു.

പിങ്ക് പോലിസിന്റെ പരസ്യവിചാരണക്ക് വിധേയയായ എട്ടുവയസുകാരിക്ക് ഒന്നര ലക്ഷം രൂപ നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. പണത്തിന് വേണ്ടിയല്ല മകളുടെ നീതിക്കായാണ് പോരാടിയതെന്ന് വിശദീകരിച്ചാണ് ജയചന്ദ്രന്‍ കിട്ടുന്ന പണം എങ്ങിനെ ചെലവിടുമെന്ന് പറയുന്നത്. എട്ടുവയസുകാരിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാല് മാസത്തെ പോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതിയില്‍ നിന്ന് അനുകൂലവിധിയുണ്ടായത്. നഷ്ടപരിഹാരത്തിന് പുറമേ ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ പോലിസ് മേധാവിയോടും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐജി ഹര്‍ഷിത അട്ടല്ലൂരി ഉള്‍പ്പടെ അന്വേഷിച്ച കേസില്‍ പോലിസ് ഉദ്യോഗസ്ഥക്കൊപ്പമായിരുന്നു സര്‍ക്കാര്‍. അപ്പോഴും ഉറച്ച നിലപാടുമായി ജയചന്ദ്രന്‍ മുന്നോട്ട് പോയതോടെയാണ് നീതി ലഭിച്ചത്. പരസ്യവിചാരണ നേരിട്ട എട്ടുവയസുകാരിയെ ഇപ്പോഴും കൗണ്‍സിലിങിന് വിധേയമാക്കുന്നുണ്ട്. അപ്പോഴാണ് നിത്യവൃത്തിക്ക് തന്നെ കഠിനാധ്വാനം ചെയ്യുന്ന ജയചന്ദ്രന്‍ കിട്ടുന്ന പണത്തിന്റെ പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് വ്യക്തമാക്കുന്നത്.

Tags:    

Similar News