മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് പെണ്‍കുട്ടിയെ പിങ്ക് പോലിസ് അപമാനിച്ച സംഭവം:പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

കുട്ടിയെ അപമാനിച്ച ഉദ്യോഗസ്ഥയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചു.കോടതി ചെലവായി 25,000 രൂപ കെട്ടിവെയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു

Update: 2021-12-22 12:42 GMT

കൊച്ചി: തിരുവനന്തപുരം ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയെ പരസ്യമായി പിങ്ക് പോലിസ് ഉദ്യോഗസ്ഥ അപമാനിച്ച സംഭവത്തില്‍ ഇരയായ കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.കുട്ടിയെ അപമാനിച്ച ഉദ്യോഗസ്ഥയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചു.കോടതി ചെലവായി 25,000 രൂപ കെട്ടിവെയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജനങ്ങളുമായി ഇടപെടുന്നതുമായി ബന്ധപ്പെട്ട് കുറ്റക്കാരിയായ ഉദ്യോഗസ്ഥയ്ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും ഇവരെ ക്രമസമാധാന പാലന ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.പിങ്ക് പോലിസ് ഉദ്യോഗസ്ഥ അപമാനിച്ചെന്നാരോപിച്ച് പെണ്‍കുട്ടി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കേസ് പരിഗണിക്കുന്ന സമയത്ത് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.എത്ര രൂപ നഷ്ടപരിഹാരം നല്‍കാന്‍ കഴിയുമെന്ന് അറിയിക്കാനും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.എന്നാല്‍ നഷ്ടപരിഹാരം നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.സര്‍ക്കാര്‍ നിലപാടിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.ആരോപണ വിധേയായ പോലിസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കടുത്ത നടപടി എടുക്കാത്തതിലും സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചിരുന്നു.ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നുവെങ്കിലും സ്ഥലം മാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി വൈകുന്നതെന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു.പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ ആരോപണ വിധേയയായ ഉദ്യോഗസ്ഥ കോടതിയില്‍ മാപ്പപേക്ഷ നല്‍കിയിരുന്നുവെങ്കിലും പെണ്‍കുട്ടി ഇത് സ്വീകരിച്ചിരുന്നില്ല.

Tags:    

Similar News