മതത്തിന്റെ പേരിലുള്ള അധിക്ഷേപം: സുപ്രിംകോടതി നിലപാട് സ്വാഗതാര്‍ഹമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

ഒരു സമുദായത്തെ ബോധപൂര്‍വം അപമാനിക്കാനും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുമുള്ള ശ്രമമായിട്ടേ ഇതിനെ കാണാന്‍ കഴിയൂ എന്നാണ് ഹരജി പരിഗണിച്ച ജഡ്ജിമാരുടെ കണ്ടെത്തല്‍.

Update: 2020-09-16 14:25 GMT

ന്യൂഡല്‍ഹി: മതത്തിന്റെ പേരിലുള്ള അധിക്ഷേപം അഭിപ്രായസ്വാതന്ത്ര്യമായി കാണാനാവില്ലെന്ന സുപ്രിംകോടതി നിലപാട് സ്വാഗതാര്‍ഹമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. മുസ്‌ലിം സമുദായക്കാര്‍ സിവില്‍ സര്‍വീസില്‍ അന്യായമായി കടന്നുകൂടുന്നുവെന്നാരോപിച്ച് നടത്തിയ ഒരു ചാനല്‍ പരിപാടിക്കെതിരേ നല്‍കിയ ഹരജിയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഒരു സമുദായത്തെ ബോധപൂര്‍വം അപമാനിക്കാനും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുമുള്ള ശ്രമമായിട്ടേ ഇതിനെ കാണാന്‍ കഴിയൂ എന്നാണ് ഹരജി പരിഗണിച്ച ജഡ്ജിമാരുടെ കണ്ടെത്തല്‍.

ദൃശ്യമാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ പരിധി പരിശോധിക്കുന്നതിന് ഒരുസമിതി രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വസ്തുതാപരമല്ലാത്ത ഇത്തരം വാര്‍ത്തകള്‍ യുപിഎസ്‌സിയുടെ വിശ്വാസ്യതയെ ചോദ്യംചെയ്തിരിക്കുകയാണന്നും കോടതി പറഞ്ഞു. ഡല്‍ഹി വംശഹത്യയെ സംബന്ധിച്ച വാര്‍ത്ത സംപ്രേഷണം ചെയ്തതിന് രണ്ട് മലയാള ചാനലുകളെ വിലക്കിയ കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ ഒരുസമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നതിന് ചാനലിന് അനുമതി നല്‍കിയ നടപടി ദുരുദ്ദേശപരവും പ്രതിഷേധാര്‍ഹവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News