മുഖ്യമന്ത്രിയാവാന്‍ ജഗന്‍മോഹന്‍ റെഡ്ഡി 1500 കോടി വാഗ്ദാനം ചെയ്‌തെന്ന് ഫറുഖ് അബ്ദുല്ല

അന്നത്തെ മുഖ്യന്ത്രിയായിരുന്ന വൈ എസ് രാജശേഖരറെഡ്ഡിയുടെ മരണത്തെ തുടര്‍ന്നാണ് ജഗന്‍ മോഹന്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചതെന്നാണ് ആരോപണം.

Update: 2019-03-28 05:08 GMT

കഡപ്പ: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി പദവി ലഭിക്കാന്‍ ജഗന്‍മോഹന്‍ റെഡ്ഡി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് 1500 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ല. അന്നത്തെ മുഖ്യന്ത്രിയായിരുന്ന വൈ എസ് രാജശേഖരറെഡ്ഡിയുടെ മരണത്തെ തുടര്‍ന്നാണ് ജഗന്‍ മോഹന്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചതെന്നാണ് ആരോപണം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രപ്രദേശില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിയുടെ പ്രചാരണത്തിന് എത്തിയതായിരുന്നു ഫറൂഖ് അബ്ദുല്ല. '2009ല്‍ ആയിരുന്നു സംഭവം. ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച് ദിവസങ്ങള്‍ക്ക് ശേഷം മകന്‍ ജഗന്‍ എന്റെ വീട്ടില്‍ വന്നു. മുഖ്യമന്ത്രി പദവി കിട്ടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് 1500 കോടി നല്‍കാന്‍ ഞാന്‍ തയ്യാറാണ് എന്ന് അയാള്‍ എന്നോട് പറഞ്ഞു'-ഫറൂഖ് അബ്ദുല്ല പറഞ്ഞു.

എന്നാല്‍ ആരോപണം നിഷേധിച്ച് കോണ്‍ഗ്രസും വൈഎസ്ആര്‍ കോണ്‍ഗ്രസും രംഗത്തെത്തി.

മുഖ്യമന്ത്രിയാവാന്‍ ജഗന്‍ പല വഴികള്‍ നോക്കിയിട്ടുണ്ടാകാം. എന്നാല്‍, ഹൈക്കമാന്‍ഡിന് പണം കൊടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ആരോപണത്തിന്റെ പേരില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഫറൂഖ് അബ്ദുല്ലക്കെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. 

Tags:    

Similar News