കര്‍ഷകസമരത്തിന് കനേഡിയന്‍ പ്രധാനമന്ത്രിയുടെ പിന്തുണ: പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ; കൊവിഡ് യോഗം ബഹിഷ്‌കരിക്കും
കനേഡിയന്‍ വിദേശകാര്യമന്ത്രി ഫ്രാങ്കോസ് ഫിലിപ്പ് നയിക്കുന്ന യോഗം ഡിസംബര്‍ ഏഴിനാണ് നിശ്ചയിച്ചിരുന്നത്. മറ്റ് ചില തിരക്കുകള്‍ ഉള്ളതിനാലും മറ്റ് പരിപാടികളുള്ളതിനാലും യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് വിദേശകാര്യമന്ത്രാലയം കാനഡയെ അറിയിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് ആവര്‍ത്തിച്ച് പിന്തുണ പ്രഖ്യാപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തുവന്നതിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യയും. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കാനഡ വിദേശകാര്യമന്ത്രി വിളിച്ച യോഗം ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് ഇന്ത്യ കാനഡയോടുള്ള പ്രതിഷേധം അറിയിച്ചത്. കനേഡിയന്‍ വിദേശകാര്യമന്ത്രി ഫ്രാങ്കോസ് ഫിലിപ്പ് നയിക്കുന്ന യോഗം ഡിസംബര്‍ ഏഴിനാണ് നിശ്ചയിച്ചിരുന്നത്. മറ്റ് ചില തിരക്കുകള്‍ ഉള്ളതിനാലും മറ്റ് പരിപാടികളുള്ളതിനാലും യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് വിദേശകാര്യമന്ത്രാലയം കാനഡയെ അറിയിച്ചിരിക്കുന്നത്.
വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. കൊവിഡ് പ്രതിരോധനടപടികളുമായി ബന്ധപ്പെട്ട് കനേഡിയന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചുചേര്‍ത്തിരുന്ന മറ്റൊരു വെര്‍ച്വല്‍ മീറ്റിങ്ങില്‍ കഴിഞ്ഞമാസം ജയശങ്കര്‍ പങ്കെടുത്തിരുന്നു. എന്നാല്‍, പുതിയ യോഗം തീരുമാനിച്ചതിനുശേഷം കര്‍ഷക സമരത്തെ പിന്തുണച്ച് ട്രൂഡോ എത്തിയതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. ഇതില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് കഴിഞ്ഞദിവസം കനേഡിയന്‍ സ്ഥാനപതിയെ ഇന്ത്യ വിളിച്ചുവരുത്തിയിരുന്നു.
അസ്വീകാര്യവും രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിലുള്ള കൈകടത്തലുമാണെന്നാണ് വെള്ളിയാഴ്ച കനേഡിയന്‍ ഹൈക്കമ്മീഷണറെ ഇന്ത്യ അറിയിച്ചത്. ഇത്തരം പരാമര്‍ശങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമാവുമെന്നും ഓര്‍മപ്പെടുത്തിയിരുന്നു. കാനഡയ്‌ക്കെതിരായ നിലപാട് കൂടുതല്‍ കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായാണ് യോഗത്തില്‍ നിന്നുള്ള വിദേശകാര്യമന്ത്രിയുടെ വിട്ടുനില്‍ക്കല്‍. സമാധാനപരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങള്‍ക്കൊപ്പമാണ് കാനഡ നിലകൊള്ളുന്നതെന്നായിരുന്നു കഴിഞ്ഞദിവസം ട്രൂഡോ വ്യക്തമാക്കിയത്.