പുതിയ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളില്‍ സുരക്ഷാബോധം ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജമാഅത്തെ ഇസ്‌ലാമി
ബിജെപിക്ക് വന്‍ ഭൂരിപക്ഷം ലഭിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂഡല്‍ഹി: പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാര്‍ ജാതി, മത, വര്‍ഗ പരിഗണനകളില്ലാതെ എല്ലാ ഇന്ത്യക്കാരുടെയും ക്ഷേമത്തിനും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ദേശീയ പ്രസിഡന്റ് സെയ്ദ് സാദത്തുല്ല ഹുസയ്‌നി. ബിജെപിക്ക് വന്‍ ഭൂരിപക്ഷം ലഭിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് കാലത്ത് സൃഷ്ടിക്കപ്പെട്ട അഭിപ്രായ ഭിന്നതകളും ശൈഥില്യങ്ങളും മറന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അവരുടെ ഉത്തരവാദിത്തം നിര്‍വഹിക്കുമെന്നാണു പ്രതീക്ഷ. ദുര്‍ബല വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഇടയില്‍ സുരക്ഷാ ബോധം വളര്‍ത്തേണ്ടതും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പു വരുത്തേണ്ടതും പുതിയ സര്‍ക്കാരിന്റെ ബാധ്യതയാണ്.
സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും രാജ്യത്ത് നീതി നടപ്പാക്കുന്നതിനും സര്‍ക്കാരിന് ജമാഅത്തെ ഇസ്‌ലാമിയുടെ എല്ലാ പിന്തുണയും ജമാഅത്ത് പ്രസിഡന്റ് വാഗ്ദാനം ചെയ്തു. പ്രതിപക്ഷം സ്വയം വിശകലനം നടത്തണമെന്നും കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.