ജെഎന്‍യു അക്രമം: അന്വേഷണത്തിന് നാലംഗസമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ്
മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സുഷ്മിത ദേബ്, മുന്‍ എന്‍എസ്‌യുഐ പ്രസിഡന്റുമാരായ അമൃത ധവാന്‍, ഹൈബി ഈഡന്‍ എംപി, ജെഎന്‍യു എന്‍എസ്‌യുഐ നസീര്‍ ഹുസൈന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
ന്യൂഡല്‍ഹി: ജഹവര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന അക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോണ്‍ഗ്രസ് നാലംഗ വസ്തുതാന്വേഷണ സമിതിയെ നിയോഗിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് സമിതിയെ നിയോഗിച്ചത്. മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സുഷ്മിത ദേബ്, മുന്‍ എന്‍എസ്‌യുഐ പ്രസിഡന്റുമാരായ അമൃത ധവാന്‍, ഹൈബി ഈഡന്‍ എംപി, ജെഎന്‍യു എന്‍എസ്‌യുഐ നസീര്‍ ഹുസൈന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. ജെഎന്‍യു കാംപസില്‍ നടന്ന അക്രമത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സമിതി ഇന്ന് ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. സമിതി അംഗങ്ങള്‍ ബുധനാഴ്ച മുഴുവന്‍ സമയവും കാംപസില്‍ ചെലവഴിച്ചു വിവരങ്ങള്‍ ശേഖരിക്കുമെന്നും രണ്ടുദിവസത്തിനുള്ളില്‍ കരട് റിപോര്‍ട്ട് തയ്യാറാക്കുമെന്നും സമിതി അംഗം ഹൈബി ഈഡന്‍ പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് മുഖംമൂടിധാരികളായ അക്രമികള്‍ മാരകായുധങ്ങളുമായി ജെഎന്‍യുവിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും ക്രൂരമായി മര്‍ദിച്ചത്. ആക്രമണത്തിന് പിന്നില്‍ എബിവിപിയുടെ പങ്ക് പുറത്തുവന്നിരുന്നു.
സംഭവത്തില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് ഐഷി ഘോഷിനും അധ്യാപകര്‍ക്കുമടക്കം 25 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അതിനിടെ. ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം ഹിന്ദു രക്ഷാ ദള്‍ ഏറ്റെടുത്തിരുന്നു. ഒരു ദിവസം മുമ്പ് ജെഎന്‍യുവില്‍ സംഭവിച്ചതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഞങ്ങള്‍ ഏറ്റെടുക്കുന്നും രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന കമ്മ്യൂണിസ്റ്റുകാരുടെ കാംപസാക്കി ജെഎന്‍യുവിനെ മാറ്റിയവരോടും സംഘടന പ്രതികാരം ചെയ്യുമെന്നുമായിരുന്നു ഹിന്ദുരക്ഷാ ദള്‍ നേതാവിന്റെ വെളിപ്പെടുത്തല്‍.