''ഇസ്‌ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ് വിജയ് സിങ്
ന്യൂഡല്‍ഹി: ലോകത്ത് സാഹോദര്യം വേണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുവൈത്ത് പ്രസംഗത്തെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ്. അന്താരാഷ്ട്ര തലത്തില്‍ സാഹോദര്യം വളര്‍ത്തണമെന്ന് പറയുന്ന മോദിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം ഇന്ത്യയില്‍ ഹിന്ദുക്കളെയും ന്യൂനപക്ഷങ്ങളെയും ഭിന്നിപ്പിക്കുകയാണെന്ന് ദ്വിഗ് വിജയ് സിങ് പറഞ്ഞു.
''പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈത്തിലെ താങ്കളുടെ പ്രസംഗം ഞാന്‍ കേട്ടു. ഗോധ്ര സംഭവത്തിനു ശേഷം ഞാന്‍ നിങ്ങളുടെ ഏറ്റവും വലിയ വിമര്‍ശകനാണ്. ഈ രാജ്യത്ത് ഹിന്ദുക്കള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമിടയില്‍ നിങ്ങള്‍ പടര്‍ത്തുന്ന വിദ്വേഷം നിയന്ത്രിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. കുപ്പിയില്‍ നിന്ന് വെറുപ്പിന്റെ പിശാചിനെ പുറത്തെടുക്കാന്‍ എളുപ്പമാണ്, പക്ഷേ, ആ പിശാചിനെ തിരികെ കുപ്പിയിലാക്കാന്‍ പ്രയാസമാണ്''
''ഇപ്പോള്‍ നിങ്ങളും ആര്‍എസ്എസും ഇന്ത്യയെ ലോക സഹോദരനും ലോകനായകനും ആക്കാനുള്ള സന്ദേശമാണ് നല്‍കുന്നത്. നിങ്ങളുടെ വിദേശകാര്യ മന്ത്രിയും ഇപ്പോള്‍ അത് തന്നെയാണ് ചെയ്യുന്നത്. വിദേശത്ത് ഇത്തരം പ്രസംഗം നല്‍കുന്നതിന് പകരം ഇന്ത്യയില്‍ വെച്ച് പറഞ്ഞുകൂടെ? വിദേശത്ത് പോവുമ്പോള്‍, പ്രത്യേകിച്ച് ഇസ്‌ലാമിക രാജ്യങ്ങളില്‍ പോവുമ്പോള്‍ നിങ്ങള്‍ ലോകസാഹോദര്യത്തെ കുറിച്ച് പറയുന്നു. പക്ഷേ, ഇന്ത്യയില്‍ നിങ്ങള്‍ ഹിന്ദുത്വയാണ് പ്രചരിപ്പിക്കുന്നത്. ഹിന്ദുത്വയ്ക്ക് സനാതന ധര്‍മവുമായോ ഹിന്ദൂയിസവുമായോ യാതൊരുബന്ധമില്ലെന്ന് സവര്‍ക്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്.''
'എനിക്ക് നിങ്ങളോട് ഒരു അഭ്യര്‍ത്ഥന മാത്രമേയുള്ളൂ. രാഹുല്‍ ഗാന്ധിയുടെ 'വിദ്വേഷം ഉപേക്ഷിക്കൂ, ഇന്ത്യയെ ഒന്നിപ്പിക്കൂ' എന്ന സന്ദേശം ജനങ്ങളിലേക്ക് പ്രചരിപ്പിക്കണം, സനാതന ധര്‍മ്മത്തിന്റെ വസുധൈവ കുടുംബകം എന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കുക''
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തില്‍ എത്തിയത്. ഇന്ത്യയെ ആഗോളവികസനത്തിന്റെ കേന്ദ്രമാക്കുമെന്നും അദ്ദേഹം കുവൈത്തില്‍ പറഞ്ഞിരുന്നു. കുവൈത്ത് അമീറിനെ അടക്കം സന്ദര്‍ശിച്ച മോദിക്ക് പരമോന്നത ബഹുമതിയായ മുബാറക്ക് അല്‍ കബീര്‍ ബഹുമതിയും കുവൈത്ത് നല്‍കി.