ഗുജറാത്ത്: സര്‍ക്കാര്‍ പദ്ധതിയിലെ അനാസ്ഥ റിപോര്‍ട്ടു ചെയ്ത മാധ്യമപ്രവര്‍ത്തകനും കുടുംബത്തിനും നേര്‍ക്ക് ആക്രമണം

Update: 2019-07-08 13:05 GMT

അഹ്മദാബാദ്: തടാകത്തിന്റെ തീരത്തു നടത്തിയ സൗന്ദര്യവല്‍കരണ പദ്ധതിയിലെ വീഴ്ച റിപോര്‍ട്ടു ചെയ്ത മാധ്യമപ്രവര്‍ത്തകനും ഭാര്യക്കും ഒന്നര വയസായ കുഞ്ഞിനും മര്‍ദനം. ഗുജറാത്തിലെ ദിനപത്രമായ മിത്രയുടെ ബ്യൂറോ ചീഫ് ഹര്‍ഷദ് ആഹിറാണ് കുടുംബസമേതം ആക്രമണത്തിനിരയായത്. മുന്‍ ഗ്രാമമുഖ്യന്‍ ദര്‍മേശും സഹായികളായ ജയദേവ് ദേശായി, സാഗര്‍ പട്ടേല്‍ എ്ന്നിവരുമാണ് തന്നെ ആക്രമിച്ചതെന്നു ഹര്‍ഷദ് ആഹിര്‍ പറഞ്ഞു.

ഭാഗ്ദ്വാദയിലെ തടാകത്തിന്റെ തീരം മോഡി പിടിപ്പിക്കുന്നതിനുള്ള പദ്ധതിക്കു വര്‍ഷങ്ങള്‍ക്കു മുമ്പാണ് അനുമതി ലഭിച്ചത്. ഈ സമയത്തു ഉപ ഗ്രാമമുഖ്യനായിരുന്ന ദര്‍മേശാണ് പദ്ധതി നടത്തിപ്പിനു ചുക്കാന്‍ പിടിച്ചത്. പിന്നീട് ദര്‍മേശ് ഗ്രാമമുഖ്യനായി. എന്നാല്‍ പദ്ധതിയുടെ ഭാഗമായി ഏതാനും കസേരകളും മറ്റും സ്ഥാപിക്കുകയല്ലാതെ കാര്യമായ സൗന്ദര്യവല്‍കരണമൊന്നും നടന്നില്ല. മാത്രമല്ല സ്ഥാപിച്ച കസേരകളും ഇരിപ്പിടങ്ങളും മറ്റും ഇക്കഴിഞ്ഞ മഴക്കാലത്ത് തകരുകയും ചെയ്തിരുന്നു. ഇതേകുറിച്ചു വാര്‍ത്ത നല്‍കിയതാണ് ദര്‍മേശിനെയും കൂട്ടാളിയെയും പ്രകോപിപ്പിച്ചതെന്നു ഹര്‍ഷദ് ആഹിര്‍ വ്യക്തമാക്കി.

ഞായറാഴ്ച രാത്രി തങ്ങളുടെ താമസ സ്ഥലത്തെത്തിയ ദര്‍മേശും സംഘവും വീട്ടില്‍ അതിക്രമിച്ചു കയറുകയും തന്നെയും ഭാര്യയെയും ആക്രമിക്കുകയായിരുന്നു. ഇതു കണ്ടു ഭയന്ന ഒന്നര വയസായ കുഞ്ഞിനെയും അവര്‍ ആക്രമിച്ചു. മേലാല്‍ ഇത്തരം വാര്‍ത്തകള്‍ നല്‍കിയാല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയതായും ഹര്‍ഷദ് ആഹിര്‍ പറഞ്ഞു. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരേ കേസെടുത്തതായി പോലിസ് വ്യക്തമാക്കി. 

Tags:    

Similar News