ഗോഡ്‌സെയെ കുറിച്ചു പറഞ്ഞത് ചരിത്ര സത്യം; പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നു കമല്‍ഹാസന്‍
ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഹിന്ദുവായ നാഥുറാം ഗോഡ്‌സേ ആണെന്ന തന്റെ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും താന്‍ പറഞ്ഞത് ചരിത്ര സത്യമാണെന്നും മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍.
താരത്തിന്റെ പരാമര്‍ശത്തെ തുടര്‍ന്നു ഹിന്ദുത്വ സംഘടനകളും ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹിന്ദു മുന്നണി ജില്ലാ സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്നു കമല്‍ഹാസനെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രസ്താവന ചരിത്രസത്യമാണെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കാണിച്ചു താരം വീണ്ടും രംത്തെത്തിയത്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ അറവാകുറിച്ചില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ എസ് മോഹന്‍രാജന്റെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഹിന്ദുത്വ ഭീകരതയെ കമല്‍ഹാസന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. സ്വതന്ത്രാനന്തര ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഹിന്ദുവായിരുന്നു. അയാളുടെ പേര് നാഥുറാം ഗോഡ്‌സേ എന്നാണ്. എല്ലാത്തിന്റെയും തുടക്കം അതായിരുന്നു. ഭീകരത തുടങ്ങിയത് അന്നു തൊട്ടാണ്. ഗാന്ധി വധവും ഇതോടൊപ്പം ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു താരത്തിന്റെ പ്രസ്താവന.