കേരളം മാതൃകയെന്ന് കമല്‍ഹാസന്‍; ആഘോഷമായി 'കേരളീയം-2023'

Update: 2023-11-01 12:16 GMT

തിരുവനന്തപുരം: കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് ചലച്ചിത്ര താരം കമല്‍ഹാസന്‍. സാമൂഹിക സൂചികയിലും ജീവിത നിലവാരത്തിലും പ്രാദേശിക ഭരണ നിര്‍വഹണത്തിലും കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളീയം 2023ന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെക്കുറിച്ച് താന്‍ പറയുന്ന കാര്യങ്ങള്‍ എന്താണെന്ന് രാജ്യം അറിയണമെന്നതിനാല്‍ ഇംഗ്ലീഷില്‍ പ്രസംഗിക്കുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. വികസന പദ്ധതികളുടെ നടത്തിപ്പിലും വികേന്ദ്രീകൃതാസൂത്രണത്തിലും രാജ്യത്തെ ഏറ്റവും മികച്ച മാതൃകയാണു കേരളം. കലാകാരനെന്ന നിലയിലും രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയിലും കേരളത്തില്‍നിന്ന് നിരവധി പാഠങ്ങള്‍ താന്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. നിര്‍ണായകവും ഗൗരവവുമായ സാമൂഹ്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതാണു മലയാള സിനിമകള്‍. സാമൂഹ്യ പ്രതിബദ്ധതയുള്ള കേരള സംസ്‌കാരം രൂപപ്പെടുന്നതില്‍ ഇവിടുത്തെ സിനിമകള്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പുരോഗമനപരമായ സാമൂഹ്യബോധം പ്രതിഫലിപ്പിക്കുന്നതൂകൂടിയാണിത്. തന്റെ രാഷ്ട്രീയ പ്രവേശന സമയത്ത് കേരളത്തിലെ രീതികള്‍ മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രശസ്തമായ കേരള മോഡല്‍ വികസനത്തില്‍നിന്നു താന്‍ പ്രചോദനമുള്‍ക്കൊണ്ടു. വികേന്ദ്രീകൃതാസൂത്രണം അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ നടപ്പാക്കാന്‍ രാജ്യത്തെ പല സംസ്ഥാനങ്ങളും ബുദ്ധിമുട്ടുമ്പോഴും 1994ല്‍ തുടങ്ങിയ ജനകീയാസൂത്രണ പദ്ധതിയിലൂടെ കേരളം അതു നടപ്പാക്കിക്കാണിച്ചു. സാമൂഹ്യ രംഗത്തും വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലും നടപ്പാക്കിയ കേരള മോഡല്‍ വികസനവും രാജ്യത്തിനു മാതൃകയാണ്. പ്രാദേശിക സര്‍ക്കാരുകളെ ശക്തിപ്പെടുത്തിയതാണു കോവിഡ് മഹാമാരിയെ മികച്ച രീതിയില്‍ നേരിടാന്‍ കേരളത്തെ പ്രാപ്തമാക്കിയത്.

    ഏതു സാധാരണക്കാരനും പ്രാപ്യമായ രാഷ്ട്രീയ, ഭരണ സംവിധാനമുള്ള സംസ്ഥാനമാണു കേരളം. തന്റെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തണമെന്നു ഭരണകൂടത്തോട് ആവശ്യപ്പെടാന്‍ പൗരനെ പ്രേരിപ്പിക്കുന്നത് ഇതാണ്. വളര്‍ച്ചാധിഷ്ഠിത വികസന പദ്ധതികളിലാണു കേരളം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാര്‍വത്രിക വിദ്യാഭ്യാസ, ആരോഗ്യ മാതൃകളിലൂടെ ശക്തമായ സാമൂഹ്യ അടിത്തറ സൃഷ്ടിച്ച, സൃഷ്ടിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാന നഗരിയില്‍ കേരളീയം-2023 പരിപാടിയില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വര്‍ണശബളമായ ആഘോഷപരിപാടികള്‍ക്ക് കേരളപ്പിറവിദിനത്തില്‍ തുടക്കമിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന തുടങ്ങി നിരവധി വിശിഷ്ട വ്യക്തികളാണെത്തിയത്. അതേസമയം, കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോള്‍ കേരളീയം ധൂര്‍ത്താണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags:    

Similar News