കമലഹാസന്‍ ഡിഎംകെ സഖ്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും

Update: 2024-02-19 06:04 GMT

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം കോണ്‍ഗ്രസുമായി ചേര്‍ന്ന് ഡിഎംകെയുടെ സഖ്യകക്ഷിയായി മത്സരിക്കാന്‍ സാധ്യത. സംസ്ഥാന നിയമസഭയിലെ ഹ്രസ്വ ബജറ്റ് സമ്മേളനത്തിന് ശേഷം ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനുമായി കമല്‍ ഹാസന്‍ കൂടിക്കാഴ്ച നടത്തുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മക്കള്‍ നീതി മയ്യത്തിന് സീറ്റ് ലഭിക്കാത്ത പക്ഷം കോണ്‍ഗ്രസിന്റെ സീറ്റുകളില്‍ ഒന്നില്‍ കമല്‍ മത്സരിച്ചേക്കുമെന്നും സൂചനകളുണ്ട്.

കോണ്‍ഗ്രസിന് ഇക്കുറി ഒമ്പത് സീറ്റുകളായിരിക്കും ഡിഎംകെ അനുവദിക്കുക എന്നാണ് സൂചന. കമല്‍ഹാസന്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നാല്‍ ഒരു അധിക സീറ്റ് കൂടി ലഭിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഈ മാസം 21 ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

കോണ്‍ഗ്രസ് അനുഭാവം പ്രകടിപ്പിക്കുന്ന കമല്‍ഹാസന്‍ 2022 ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പങ്കുചേര്‍ന്നിരുന്നു. തുടര്‍ന്ന് രാഹുലുമായി അദ്ദേഹം ഒരു അഭിമുഖവും നടത്തിയിരുന്നു.






Tags:    

Similar News