കര്‍ണാടകയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എയെക്കൂടി കാണാതായി
കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന ശ്രീമന്ത് ബാലാസാഹേബ് പാട്ടീലിനെയാണ് ബുധനാഴ്ച രാത്രി എട്ടുമണി മുതല്‍ കാണാതായത്.
ബംഗളൂരു: കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന കോണ്‍ഗ്രസ് എംഎല്‍എയെ കാണാനില്ലെന്ന് റിപോര്‍ട്ട്. കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന ശ്രീമന്ത് ബാലാസാഹേബ് പാട്ടീലിനെയാണ് ബുധനാഴ്ച രാത്രി എട്ടുമണി മുതല്‍ കാണാതായത്. ബുധനാഴ്ച രാത്രിയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി പരമേശ്വരയും പങ്കെടുത്ത യോഗം പ്രകൃതി റിസോര്‍ട്ടില്‍ സംഘടിപ്പിച്ചിരുന്നു.
വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു യോഗം. ഇതിനിടെയാണ് എംഎല്‍എയെ കാണാതായതായുള്ള റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കോണ്‍ഗ്രസ് എംഎല്‍എയ്ക്കുവേണ്ടി വിമാനത്താവളം അടക്കമുള്ള സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം, കോണ്‍ഗ്രസ് ഈ വാര്‍ത്തകള്‍ നിഷേധിച്ചു. എംഎല്‍എ ആശുപത്രിയില്‍ പോയതാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.