കര്‍ണാടകയില്‍ കൊവിഡ് കേസുകളില്‍ 42 ശതമാനം വര്‍ധന; 24 മണിക്കൂറിനിടെ 4,225 പേര്‍ക്ക് വൈറസ് ബാധ

Update: 2021-03-31 17:45 GMT

ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഒരിടവേളയ്ക്കുശേഷം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. വൈറസ് കേസുകളില്‍ 42 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,225 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 26 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. 1,492 രോഗികള്‍ സുഖം പ്രാപിച്ച ശേഷം ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു. ആകെ 9.97 ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 12,567 പേര്‍ മരണത്തിന് കീഴടങ്ങിയതായാണ് കണക്ക്.

സംസ്ഥാനത്ത് ചൊവ്വാഴ്ച 2,975 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ 42 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിരിക്കുന്നത്. ബുധനാഴ്ച റിപോര്‍ട്ട് ചെയ്ത പുതിയ രോഗികളില്‍ 2,928 പേര്‍ ബംഗളൂരു നഗരജില്ലയില്‍നിന്നുള്ളവരാണ്. വൈറസ് ബാധ ആരംഭിച്ചത് മുതല്‍ മാര്‍ച്ച് 31ന് വൈകുന്നേരം വരെ 9,97,004 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 9,56,170 പേരുടെ രോഗം ഭേദമായതായും ആരോഗ്യവകുപ്പ് ബുള്ളറ്റിനില്‍ പറയുന്നു.

തീവ്രപരിചരണ വിഭാഗത്തില്‍ 266 കേസുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് 28,248 സജീവ കേസുകളാണുള്ളത്. ബുധനാഴ്ച റിപോര്‍ട്ട് ചെയ്യപ്പെട്ട 26 മരണങ്ങളില്‍ 18 പേര്‍ ബംഗളൂരു നഗരത്തില്‍നിന്നും രണ്ടുപേര്‍ കാലബുരഗിയില്‍നിന്നും തുമകുരുവില്‍നിന്നും ഉഡുപ്പി, ഉത്തര കന്നഡ, കൊളറ, ചിക്കമംഗളൂരു എന്നിവിടങ്ങളില്‍നിന്നും രണ്ടുവീതം പേരും മരണമടഞ്ഞു. ബിദാറില്‍ ഇന്ന് 159 കേസുകളും മൈസുരു- 142, തുമകുരു- 138, കാലബുരഗി- 137 കേസുകളും റിപോര്‍ട്ട് ചെയ്തു.

ഇന്ത്യയിലാകെ 53,480 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത് കഴിഞ്ഞ ദിവസത്തേക്കാള്‍ കേസുകളുടെ എണ്ണം കുറഞ്ഞതായി സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 354 പേര്‍ വൈറസ് ബാധിച്ച് മരിച്ചതായി മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം മരണനിരക്ക് 1,62,468 ആയി.

Tags:    

Similar News