10 ദിവസത്തിനകം ഡല്‍ഹിയിലെ വീടൊഴിയണം; കാര്‍ത്തി ചിദംബരത്തോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ ഈ വസ്തു ഇഡി കണ്ടുകെട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു 10 ദിവസത്തിനകം വീടൊഴിഞ്ഞ് വസ്തുവകകളുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് അന്വേഷണ ഏജന്‍സി നോട്ടീസ് നല്‍കിയത്.
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തോട് 10 ദിവസത്തിനുള്ളില്‍ ഡല്‍ഹിയിലെ ജോര്‍ ബാഗ് ഹൗസ് ഒഴിയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ ഈ വസ്തു ഇഡി കണ്ടുകെട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു 10 ദിവസത്തിനകം വീടൊഴിഞ്ഞ് വസ്തുവകകളുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് അന്വേഷണ ഏജന്‍സി നോട്ടീസ് നല്‍കിയത്. ഡല്‍ഹി ജോര്‍ ബാഗിലെ 115 എ ബ്ലോക്കിലാണു കാര്‍ത്തിയുടെ വസ്തു. കാര്‍ത്തിയുടെയും അമ്മ നളിനിയുടെയും പേരിലാണ് വസ്തു.
കാര്‍ത്തിയുടെ വസ്തു കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൗണ്‍സല്‍ നിതേഷ് റാണ അറിയിച്ചു. ഐഎന്‍എക്‌സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയും സിബിഐയും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കോടതികളുടെ പരിഗണനയിലാണ്. നിലവില്‍ തമിഴ്‌നാട്ടിലെ ശിവഗംഗയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമായ കാര്‍ത്തി, കേസില്‍ ജാമ്യത്തിലാണ്. ഐഎന്‍എക്‌സ് മീഡിയയിലേക്കു മൗറീഷ്യസില്‍നിന്ന് 305 കോടിയുടെ വിദേശനിക്ഷേപം സ്വീകരിച്ചതു ചട്ടങ്ങള്‍ മറികടന്നാന്നെന്നാണ് ആരോപണം. 2007ല്‍ ചിദംബരം കേന്ദ്രധനമന്ത്രിയായിരുന്ന കാലത്താണ് കാര്‍ത്തി ചിദംബരം ഐഎന്‍എക്‌സ് മീഡിയ ഇടപാടും ചട്ടങ്ങളിലെ ഇളവുകളും നേടിയെടുത്തത്. കാര്‍ത്തി ഐഎന്‍എക്‌സില്‍നിന്നു കണ്‍സള്‍ട്ടേഷന്‍ ഫീസായി 10 ലക്ഷം രൂപ വാങ്ങിയതായും സിബിഐ കണ്ടെത്തിയിരുന്നു.