കസ്തൂരിരംഗന്‍ റിപോര്‍ട്ട്: ഇഎസ്എ കരടുവിജ്ഞാപനത്തിന്റെ കാലാവധി രണ്ടുമാസംകൂടി നീളുമെന്ന് കേന്ദ്രമന്ത്രി
അന്തിമവിജ്ഞാപനമിറക്കുന്നതിന് സംസ്ഥാനങ്ങളുമായി മെയ് മാസത്തിലും ജൂലൈ മാസത്തിലും ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കും. ഈമാസം 26ന് നിലവിലുള്ള കരട് വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് കാലാവധി ദീര്‍ഘിപ്പിക്കുന്നത്.
ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ഇഎസ്എ പ്രദേശങ്ങള്‍ നിജപ്പെടുത്തിയുള്ള കരടുവിജ്ഞാപനത്തിന്റെ കാലാവധി ഫലത്തില്‍ രണ്ടുമാസം കൂടി നീളുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ഡീന്‍ കുര്യാക്കോസ് എംപിയെ അറിയിച്ചു. അന്തിമവിജ്ഞാപനം ഉടനിറക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയെ കണ്ടപ്പോഴാണ് ഇക്കാര്യമറിയിച്ചത്. അന്തിമവിജ്ഞാപനമിറക്കുന്നതിന് സംസ്ഥാനങ്ങളുമായി മെയ് മാസത്തിലും ജൂലൈ മാസത്തിലും ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കും.
ഈമാസം 26ന് നിലവിലുള്ള കരട് വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് കാലാവധി ദീര്‍ഘിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 23 മുതല്‍ മെയ് 31 വരെയുള്ള കാലാവധി വനം പരിസ്ഥിതി വകുപ്പിന്റെ വിജ്ഞാപനങ്ങളില്‍ കണക്കിലെടുക്കില്ലെന്ന ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള കരട് വിജ്ഞാപനത്തിന്റെ കാലാവധി 67 ദിവസംകൂടി നീളുമെന്ന് മന്ത്രി അറിയിച്ചു. ഈമാസം തന്നെ ഇഎസ്എ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മണ്ഡലങ്ങളിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് നേരത്തേ തന്നെ ഡീന്‍ കുര്യാക്കോസും ആന്റോ ആന്റണിയും കത്തുനല്‍കിയിട്ടുണ്ട്.
സാംസ്ഥാനത്ത് ESZ (ഇക്കോ സെന്‍സിറ്റീവ് സോണ്‍)പുറപ്പെടുവിച്ചപ്പോള്‍ കാര്‍ഷികമേഖല അടക്കം ബഫര്‍സോണ്‍ പരിധിയില്‍ വന്നത് തിരുത്തണമെന്നും ഡീന്‍ കുര്യാക്കാസ് ആവശ്യപ്പെട്ടു. ഇടുക്കി ഉള്‍പ്പടെ നാല് കരടുവിജ്ഞാപനങ്ങളാണ് ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ പ്രഖ്യാപിച്ചത്. ഇതില്‍ കണ്ണൂര്‍ ആറളം, വയനാടും കോഴിക്കോടും ചേര്‍ന്നുള്ള മേഖല, മംഗളവനം എന്നിവയുടെ കരടുവിജ്ഞാപനങ്ങളുണ്ട്.
ഇടുക്കിയില്‍ മാത്രം 10,000 ഏക്കറിലധികം കൃഷിഭൂമി നാല് വില്ലേജുകളില്‍ ESZ ആയി പ്രഖ്യാപിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഒരുചര്‍ച്ചയും സംസ്ഥാന സര്‍ക്കാരുകള്‍ ആരുമായും നടത്തിയിട്ടല്ല കേന്ദ്രത്തിന് റിപോര്‍ട്ട് നല്‍കിയിട്ടുള്ളത്. കാര്‍ഷികമേഖലയെ ഈ പരിധിയില്‍നിന്നും ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണം. അതോടൊപ്പം കരടുവിജ്ഞാപനം പ്രാദേശിക ഭാഷയില്‍ പുറപ്പെടുവിക്കാത്തതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നും മലയാളത്തില്‍ ഉടന്‍തന്നെ വിജ്ഞാപനങ്ങള്‍ മാറ്റിയിറക്കണമെന്നും ഡീന്‍ കുര്യാക്കോസ് മന്ത്രി പ്രകാശ് ജാവദേക്കറോട് ആവശ്യപ്പെട്ടു.